ഡി.ജെയ്ക്കി​ടെ യുവതിയോട് മോശമായി പെരുമാറി;​ ചോദ്യംചെയ്ത ബൗൺസറെ തല്ലിച്ചതച്ച് ഗുണ്ടാസംഘം

Sunday 25 May 2025 1:13 AM IST

കൊച്ചി: ഡി.ജെ പാർട്ടിക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത സുരക്ഷാജീവനക്കാരനെ എട്ടംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. പാലക്കാട് സ്വദേശി അൻഷാദിനാണ് (24) മർദ്ദനമേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ഇയാളെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. കൊച്ചിയിലെ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ് അക്രമികൾ. സംഭവശേഷം ഇവർ ഓടിമറഞ്ഞു. പ്രതികൾക്കായി മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.

പാലാരിവട്ടം ബൈപ്പാസി​ലെ ഒരു ബാറാണ് ഡി.ജെ ഒരുക്കിയത്. രാത്രി 10.30ഓടെ ഡി.ജെ പൂർത്തിയായിരുന്നു. തുടർന്ന് പങ്കെടുത്തവരെ പുറത്തേയ്ക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. എട്ടംഗസംഘം ഇവിടെ എത്തിയ യുവതിയോട് മോശമായി പെരുമാറിയതാണ് സംഭവങ്ങൾക്ക് തുടക്കം. ഇത് യുവതി ചോദ്യംചെയ്തു. പ്രശ്‌നത്തിൽ അൻഷാദ് ഇടപെട്ടത്തോടെ പ്രതികൾ ഒന്നിച്ച് ഇയാളെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു.

ഇവിടെ ഉണ്ടായിരുന്നവരാണ് അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. ഏലൂർ സ്വദേശി നഹാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. നഹാസിന്റെ സംഘത്തെ നേരത്തെ ലഹരിക്കടത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് മരട്‌ പൊലീസ് അറി​യിച്ചു.