വൈദ്യുതി മുടക്കം, നരകയാതനയിൽ ജനം നടപടിയില്ലാതെ കെ.എസ്.ഇ.ബി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പ്രത്യേകിച്ചും സിറ്റിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയിൽ നെട്ടോട്ടമോടി ജനം.വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ജില്ലയിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു.എന്നാൽ മതിയായ ആൾബലമില്ലാത്തതുമൂലം പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഏറെ വൈകി.
രാത്രി മുടങ്ങിയ വൈദ്യുതി ഇന്നലെ ഉച്ചയോടെയാണ് ഏറക്കുറെ പുനഃസ്ഥാപിക്കാനായത്. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ നന്നേ ബുദ്ധിമുട്ടിച്ചു.
നെയ്യാറ്റിൻകര,ചിറയിൻകീഴ്,സിറ്റിയിൽ പേട്ട,ആനയറ,കണ്ണമ്മൂല ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമായിരുന്നു.
ചെറിയ തകരാർ പോലും പരിഹരിക്കാൻ കൂടുതൽ സമയമെടുത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
1912 എന്ന ഫോൺ നമ്പരിൽ വിളിച്ചാൽ ഗുരുതരപ്രശ്നമാണെങ്കിൽ ഹെഡ് ഓഫീസിൽ നിന്ന് യൂണിറ്റിനെ അയക്കുന്ന പതിവുണ്ടായിരുന്നെങ്കിലും അത് നിറുത്തി. ഇപ്പോൾ ഏത് സ്ഥലത്താണോ പ്രശ്നം ആ സ്ഥലത്തേക്ക് പരാതി കൈമാറും. പ്രശ്നങ്ങളുടെ എണ്ണം കൂടുതലാകുമ്പോൾ സെക്ഷനിൽ നിന്ന് കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കില്ല. ഇതോടെ പ്രതിസന്ധി ഗുരുതരമാകും. വൈദ്യുതി മുടങ്ങിയതു സംബന്ധിച്ച പരാതി പറയാൻ വിളിച്ചാൽ കെ.എസ്.ഇ.ബി ഓഫീസുകളിൽ ഫോണെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.
മഴയില്ലാത്ത സമയത്തും പ്രതിസന്ധി
തിരുവനന്തപുരം ഇലക്ട്രിക് ഡിവിഷിന് കീഴിൽ നാല് ഇലക്ട്രിക് സബ് ഡിവിഷനുകളാണുള്ളത്. മഴയില്ലാത്ത സമയത്തുവരെ വൈദ്യുതിയില്ലാത്ത അവസ്ഥ നഗരത്തിലെ പല ഭാഗത്തുമുണ്ട്. പേട്ട,ആനയറ,കണ്ണമ്മൂല എന്നിവിടങ്ങൾക്ക് പുറമെ പട്ടം,പ്ളാമൂട്,കേശവദാസപുരം,നാലാഞ്ചിറ,ഉള്ളൂർ ഭാഗങ്ങളിലും വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്. മഴയോ കാറ്റോ വന്നാൽ പിന്നെ ഒരു ദിവസം കഴിഞ്ഞാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത്. ഇതുകൂടാതെ വ്യത്യസ്ത ലൈനുകളെ ബന്ധിപ്പിച്ച് ഒരു ലൈനിൽ വൈദ്യുതിയില്ലെങ്കിൽ മറ്റ് ലൈനിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്ന ആർ.എം.യു യൂണിറ്റുകൾ തകരാറിലാകുന്നതും നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമാണ്.
എണ്ണം കൂട്ടണം
നിലവിൽ പ്രതിസന്ധിയുള്ള ഇടങ്ങളിൽ ട്രാൻസ്ഫോമറിന്റെ എണ്ണം വർദ്ധിപ്പിക്കുകയാണ് പോംവഴി.ഇത് കൂടാതെ ലൈൻ,കേബിളുകൾ,മറ്റ് ഉപകരണങ്ങൾ കാലപ്പഴക്കം ചെന്നതാണെങ്കിൽ അത് മാറ്റി സ്ഥാപിക്കണം.എന്നാൽ പല തവണകളായുള്ള ശുപാർശയുണ്ടെങ്കിലും ഇത് രണ്ടും സമയബന്ധിതമായി നടക്കുന്നില്ല.
ആനയറയിൽ കൂടുതൽ ട്രാൻസ്ഫോർമർ
സ്ഥാപിച്ചാൽ പ്രതിസന്ധി ഒഴിയും
വൈദ്യുതി പ്രതിസന്ധി മൂലം ഏറെ ദുരിതം അനുഭവിക്കുന്ന ആനയറ ഭാഗത്ത് നിലവിൽ എട്ട് ട്രാൻസ്ഫോർമറുകളാണുള്ളത്.എന്നാൽ അധികം ലോഡ് വൈദ്യുതിയെടുക്കുന്നതു കൊണ്ടാണ് ഇവിടെ ട്രാൻസ്ഫോർമറിന് താങ്ങാൻ പറ്റാതെ പണിമുടക്കുന്നത്.നാല് ട്രാൻസ്ഫോർമർ കൂടുതലായി വച്ചാൽ ഇവിടത്തെ പ്രതിസന്ധി ഒഴിയും.നഗരത്തിൽ പലയിടത്തും കാലപ്പഴക്കം ചെന്ന ട്രാൻസ്ഫോർമറുകളാണുള്ളത്. ഇത് ഇടയ്ക്കിടെ തകരാറാകാറുണ്ട്.ഏറ്രവും പഴയതായ ട്രാൻസ്ഫോർമറുകൾ മാറ്റണമെന്നും ശുപാർശയുണ്ട്.
സ്ഥലപരിമിതി വെല്ലുവിളി
പലയിടത്തും ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ സ്ഥലപരിമിതിയുണ്ട്.പലരും ഇത് സ്ഥാപിക്കാൻ സ്ഥലം നൽകാറില്ല.സർക്കാർ സ്ഥാപനങ്ങളുടെ കോമ്പൗണ്ട് പോലും ഇപ്പോൾ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നൽകുന്നില്ല.പലതും റോഡിന്റെ വശത്താണ് സ്ഥാപിച്ചിരിക്കുന്നത്.ആധുനിക രീതിയിലുള്ള ട്രാൻസ്ഫോർമറായതിനാൽ അപകടം തീരെയില്ലെന്നാണ് അധികൃതർ പറയുന്നത്.
ട്രാൻസ്ഫോർമറുകൾ നിലവിൽ എത്തിയിട്ടുണ്ട്,വൈകാതെ സ്ഥാപിക്കും.
കെ.എസ്.ഇ.ബി അധികൃതർ