മഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തൽ

Sunday 25 May 2025 1:37 AM IST

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.കളക്ടറേറ്റിലും നഗരസഭയിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും.പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം കെ.എസ്.ടി.പി. ഓഫീസിൽ ആരംഭിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം ചേർന്നു. അടിയന്തര ആവശ്യങ്ങൾക്കായി ഓരോ താലൂക്കിനും അഞ്ച് ലക്ഷവും ഓരോ വില്ലേജിനും 25,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.കോർപ്പറേഷൻ ഓരോ വാർഡിനും ഒരു ലക്ഷം ആദ്യഘട്ടത്തിൽ നൽകും. ആവശ്യമെങ്കിൽ അടിയന്തരഘട്ടങ്ങളിൽ കൂടുതൽ സഹായം ലഭ്യമാക്കും.റാപ്പിഡ് റെസ്‌പോൺസ് ടീം,സിവിൽ ഡിഫെൻസ് വോളന്റിയർമാർ,എമർജൻസി വോളന്റിയർമാർ എന്നിവരുടെ സേവനം വിനിയോഗിക്കും.ഓടകൾ വൃത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.ഫുട്പാത്ത് സ്ലാബുകളുടെ സുരക്ഷ, പാച്ച് വർക്കുകൾ, ഓടകളിലെ മണ്ണ് നീക്കൽ, റോഡരികിലെ മരശിഖരങ്ങൾ വെട്ടൽ,കുഴികൾ നികത്തൽ എന്നിവ പരിശോധിക്കും.

കൃഷി: 15 കോടിയുടെ നഷ്ടം

കനത്ത മഴയിൽ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും ജില്ലയിൽ 27 വീടുകൾ ഭാഗികമായും തകർന്നു.എ.എ.റഹീം എം.പി., എം.എൽ.എമാരായ വി.ശശി, എം.വിൻസന്റ്, ആന്റണി രാജു, കെ.ആൻസലൻ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കളക്ടർ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.