ചിറക്കൽ സ്റ്റേഷൻ അടക്കുന്നതിൽ പ്രതിഷേധിച്ചു

Saturday 24 May 2025 9:41 PM IST

കണ്ണൂർ: വരുമാനം കുറഞ്ഞതിന്റെ പേരിൽ ചിറക്കൽ റെയിൽവെ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണെന്നും പ്രസ്തുത നീക്കത്തിൽ നിന്നും റയിൽവെ അടിയന്തരമായും പിൻമാറണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിറക്കൽ റെയിൽവെ സ്റ്റേഷനിൽ നേരത്തെ നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ടായിരുന്നു. നിലവിൽ ഉള്ള കണ്ണൂർ മംഗലാപുരം, കണ്ണൂർ -ചെറുവത്തൂർ ട്രെയിനുകളുടെ സ്റ്റോപ്പുകളും നിർത്തി സ്റ്റേഷൻ അടച്ചുപൂട്ടാനാണ് അധികൃതർ ശ്രമിക്കുന്നത്. നേരത്തെയുണ്ടായ സമാനമായ നീക്കം പ്രതിഷേധത്തിന്റെയും ആക്ഷൻ കമ്മറ്റിയുടെ ഇടപെടലിന്റെയും ഫലമായാണ് പിൻവലിച്ചത്.ചരിത്ര പ്രാധാന്യമുള്ളതും രാജ്യാന്തര പ്രശസ്തിയുള്ള ഒട്ടേറെ ക്ഷേത്രങ്ങളടക്കം സ്ഥിതി ചെയ്യുന്നതുമായ ചിറക്കലിനെ ദീർഘദിക്കുകളുമായി ബന്ധിപ്പിക്കുവാനുള്ള ഈ റെയിൽവേ സ്റ്റേഷൻ നില നിർത്താനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.