കൊവി‌ഡ് വ്യാപനം: ഗുരുതര കേസുകൾ ഇല്ല,​ സാഹചര്യം വിലയിരുത്തി കേന്ദ്രം

Saturday 24 May 2025 10:51 PM IST

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. റിപ്പോർട്ട് ചെയ്തതിൽ സാരമായ കേസുകൾ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അതിവേഗം പകരുന്ന വകഭേദമാണ് സ്ഥിരീകരിച്ചത് എന്നതിന് തെളിവുകളില്ലെന്നും കേന്ദ്രം അറിയിച്ചു.

മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്നതായാണ് റിപ്പോർട്ടുകൾ.ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഡൽഹി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ മാസം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഡൽഹിയിൽ 23 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.