സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി , വികസിത രാജ്യ സൃഷ്ടിക്ക് തോളോടുതോൾ ചേരാം

Sunday 25 May 2025 12:14 AM IST

ന്യൂഡൽഹി: വികസിത ഭാരതമെന്ന ലക്ഷ്യത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിച്ചു നിന്നാൽ ഒരു ലക്ഷ്യവും അസാദ്ധ്യമല്ല. നിതി ആയോഗിന്റെ പത്താം ഗവേണിംഗ് കൗൺസിലിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.

2047ൽ വികസിത ഇന്ത്യ എന്ന ഒറ്റ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓരോ നഗരത്തെയും ഗ്രാമത്തെയും വികസിതമാക്കാനുള്ള ലക്ഷ്യമാവണമത്. വികസിത ഇന്ത്യ 140 കോടിപ്പേരുടെ അഭിലാഷവും ലക്ഷ്യവുമാണ്. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനായി പ്രവർത്തിക്കാം. ആളുകൾക്ക് മാറ്റം അനുഭവപ്പെടണം. വളർച്ച, നവീകരണം, സുസ്ഥിരത എന്നിവ മന്ത്രമാക്കി ഭാവി ലക്ഷ്യമിട്ടുള്ള നഗരവികസനമാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസിത് ഭാരത് @2047 എന്നതായിരുന്നു യോഗത്തിന്റെ അജൻ‌ഡ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.

എൻ.ഡി.എ മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, എൻ. ചന്ദ്രബാബു നായിഡു, കോൺറാഡ് സാംഗ്‌മ, പുഷ്‌കർ സിംഗ് ധാമി എന്നിവർ പങ്കെടുത്തു. പ്രതിപക്ഷത്തു നിന്ന് എം.കെ. സ്റ്റാലിൻ, ഹേമന്ത് സോറൻ, ഭഗവന്ത് മാൻ, ഹേമന്ത് സോറൻ, രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർ സുഖു, ഒമർ അബ്‌ദുള്ള തുടങ്ങിയവരും ചർച്ചയുടെ ഭാഗമായി. പിണറായി വിജയൻ, മമതാ ബാനർജി,സിദ്ധരാമയ്യ, എൻ. രംഗസ്വാമി എന്നിവർ പങ്കെടുത്തില്ല.

സ്ത്രീകൾക്ക്

കൂടുതൽ തൊഴിൽ

 സ്ത്രീകളെ വിവിധ തൊഴിൽ മേഖലകളിൽ ഉൾപ്പെടുത്താൻ ആവശ്യമായ നയം സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് മോദി

 എല്ലാ സംസ്ഥാനങ്ങളും ആഗോള നിലവാരത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണം

 ഇന്ത്യ അതിവേഗം നഗരവത്കരിക്കപ്പെടുന്നു. ഭാവിക്ക് അനുയോജ്യമായ നഗരങ്ങൾക്കായി പ്രവർത്തിക്കണം