പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബി.എസ്.എഫ്
ഗാന്ധിനഗർ: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്രക്കാരനെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്താ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്ന് അതിർത്തിയിലെ വേലിക്കരികിലേക്ക് ഒരാൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട ബി.എസ്.എഫ്
അയാളെ തടയാൻ ശ്രമിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും മുന്നോട്ടുവന്നതോടെ വെടിയുതിർക്കാൻ നിർബന്ധിതമായെന്നും അയാൾ തത്ക്ഷണം മരിച്ചെന്നും ബി.എസ്.എഫ് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടത്തിയതിനെത്തുടർന്ന് സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ കടുത്ത സുരക്ഷയാണ് അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ- നേപ്പാൾ
സംയുക്ത തെരച്ചിൽ
ഭീകരർക്കായി അതിർത്തിയിൽ ഇന്ത്യ-നേപ്പാൾ സംയുക്ത തെരച്ചിൽ നടന്നതായി റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ സേനയായ സശസ്ത്ര സീമ ബലും (എസ്.എസ്.ബി) നേപ്പാൾ സായുധ സേനയും വെള്ളിയാഴ്ച സംയുക്ത പട്രോളിംഗ് നടത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്ററോളം അതിർത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനത്തിലുമായിട്ടായിരുന്നു പരിശോധന.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ സൈന്യം തങ്ങൾക്കൊപ്പമാണെന്ന് എസ്.എസ്.ബി കമാൻഡർ ഗംഗാ സിംഗ് അറിയിച്ചു. വളരെ അടുത്ത ബന്ധമാണ് നേപ്പാൾ സൈന്യവുമായുള്ളത്. ഇരു രാജ്യങ്ങളുടേയും യോഗങ്ങൾ എല്ലാ മാസവും നടക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങൾ പങ്കിടാറുണ്ട്. സംശയിക്കപ്പെടുന്നവരെ തിരിച്ചറിയാനാകും തരത്തിൽ തങ്ങളും രഹസ്യവിവരങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും അറിയിച്ചു. ഇന്ത്യ പാക് സംഘർഷം രൂക്ഷമായപ്പോൾ, നേപ്പാൾ സർക്കാർ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.