85 ലക്ഷം കൈക്കൂലി ആരോപണം; ഡൽഹി ജഡ്ജിയെ സ്ഥലംമാറ്റി

Sunday 25 May 2025 12:59 AM IST

ന്യൂഡൽഹി: ജാമ്യം അനുവദിക്കാൻ 85 ലക്ഷം കൈക്കൂലി ചോദിച്ചെന്ന് ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തിയ റോസ് അവന്യൂ കോടതി സ്‌പെഷ്യൽ ജഡ്‌ജിക്ക് സ്ഥലംമാറ്റം. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. ജഡ്‌ജിയുടെ ക്ളാർക്ക് മുകേഷ്‌ കുമാറിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) കേസുമെടുത്തു.

ജി.എസ്.ടി കേസിൽ ജാമ്യക്കാരോട് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എ.സി.ബി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജഡ്‌ജിക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവില്ലെന്നും തെളിവ് ഹാജരാക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. എന്നാൽ, ജഡ്‌ജിയെ രോഹിണി ജില്ലാ കോടതിയിലേക്ക് സ്ഥലം മാറ്റി ​ 20ന് ഉത്തരവിറങ്ങി.

അതേസമയം,​ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ക്ളാർക്കിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എ.സി.ബി ജോയിന്റ് കമ്മിഷണർ മധുർ വർമ്മ, എ.സി.പി ജർണയിൽ സിംഗ് എന്നിവർക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചതിലുള്ള വിദ്വേഷമാണ് നടപടിക്ക് കാരണമെന്ന് ക്ളാർക്ക് ഹർജിയിൽ പറയുന്നു. സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഭീഷണിയും

 2023 ഏപ്രിലിൽ ജി.എസ്.ടി ഉദ്യോഗസ്ഥൻ, മൂന്ന് അഭിഭാഷകർ, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്, രണ്ട് ട്രാൻസ്പോർട്ടർമാർ അടക്കം 16 പേർ പ്രതികളായ ജി.എസ്.ടി കേസിലെ ജാമ്യാപേക്ഷ ജഡ്‌ജിയുടെ മുന്നിൽ വന്നു

 വിധി പുറപ്പെടുവിക്കാതെ നീട്ടിക്കൊണ്ടുപോയി. ജാമ്യത്തിനായി ജ‌ഡ്ജിയുടെ ക്ലാർക്ക് 85 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ജി.എസ്.ടി ഉദ്യോഗസ്ഥൻ 2024 ഡിസംബറിൽ എ.സി.ബിക്ക് പരാതി നൽകി

 പിന്നീട് ഡൽഹി ഹൈക്കോടതിയിൽ ജാമ്യത്തിന് അപേക്ഷിച്ചപ്പോഴും ക്ളാർക്ക് കൈക്കൂലി ആവശ്യപ്പെട്ടെന്ന് എ.സിബി പറയുന്നു. ഹൈക്കോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ചാൽ ജഡ്‌ജി ജാമ്യം നൽകുമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കി