പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഗുജറാത്ത് സ്വദേശി പിടിയിൽ

Sunday 25 May 2025 12:08 AM IST

ഗാന്ധിനഗർ: സൈനിക വിവരങ്ങൾ പാക് ഏജന്റിന് ചോർത്തി നൽകിയ ഗുജറാത്ത് സ്വദേശി പിടിയിൽ. ആരോഗ്യപ്രവർത്തകനായ

സഹദേവ് സിംഗ് ഗൊഹിൽ എന്നയാളാണ് അറസ്റ്റിലായത്. വ്യോമസേന, ബി.എസ്.എഫ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ചോർത്തി നൽകിയത്.

2023ൽ വാട്ട്സ്ആപ്പ് വഴി ഇയാൾ അദിതി ഭരദ്വാജ് എന്ന് പരിചയപ്പെടുത്തിയ പാക് ഏജന്റുമായി ബന്ധപ്പെട്ടു. പുതിയതായി നിർമ്മിച്ചതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ഇന്ത്യൻ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും പാക് ഏജന്റിന് കൈമാറിയതായി ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മുതിർന്ന ഉദ്യോഗസ്ഥൻ കെ. സിദ്ധാർത്ഥ് പറഞ്ഞു. സൈനിക വിരങ്ങൾ പാക് ഏജന്റിന് ഗൊഹിൽ കൈമാറുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാളെ കുറച്ചുനാളായി ചോദ്യം ചെയ്ത് വരികയായിരുന്നു. വിവരങ്ങൾ കൈമാറുന്നതിന് ഗൊഹിലിന് 40,000 രൂപ നൽകിയിരുന്നു. ഗൊഹിൽ ഉൾപ്പെടെ പത്തോളം പേരാണ് ഇതുവരെ ചാരവൃത്തിക്ക് രാജ്യത്ത് അറസ്റ്രിലായിരിക്കുന്നത്.