ലൈംഗിക തൊഴിലാളിയാണോ എന്ന് തോന്നിപ്പോയി, ലോകസുന്ദരി മത്സരത്തിൽ നിന്ന് മിസ് ഇംഗ്ലണ്ട് പിൻമാറി
ഹൈദരാബാദ് : തെലങ്കാനയിൽ നടക്കുന്ന ലോക സുന്ദരി മത്സരത്തിൽ നിന്ന് പിൻമാറി മിസ് ഇംഗ്ലണ്ട് മില്ല മാഗി.. സംഘാടകർക്ക് എതിരെ ഗുരുതര ആരോപണമുന്നയിച്ച ശേഷമാണ് മില്ല മാഗി മത്സരത്തിൽ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ചത്. ഷോപീസുകളെ പോലെയാണ് മത്സരാർത്ഥികളെ കൈകാര്യം ചെയ്യുന്നതെന്ന് മില്ല ആരോപിച്ചു. മത്സരാർത്ഥികളെ വില്പന വസ്തുക്കളെ പോലെയാണ് കാണുന്നതെന്നും സൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
സ്‌പോൺസർമാരെ സന്തോഷിപ്പിക്കാനായി രണ്ട് പേരെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്ന് സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതി, കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു എന്നും മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി പോലും അവിടെ തുടരാൻ കഴിയില്ല എന്ന് തോന്നിയതിനാൽ ആണ് പിന്മാറുന്നത്. 'ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി' എന്നും മില്ല ആരോപിച്ചു.
അതേസമയം ആരോപണങ്ങൾ മിസ് വേൾഡ് സംഘാടകർ നിഷേധിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് മില്ല മാഗി പറഞ്ഞതെന്ന് സംഘാടകർ അറിയിച്ചു.