അങ്കണവാടിയുടെ മുകളിലേക്ക് മരം വീണു അദ്ധ്യാപികയും കുട്ടികളും രക്ഷപ്പെട്ടു

Sunday 25 May 2025 12:26 AM IST

കല്ലമ്പലം: അങ്കണവാടിയുടെ മുകളിലേക്ക് മരം കടപുഴകി. കുട്ടികളും ടീച്ചറും രക്ഷപ്പെട്ടു. ഒറ്റൂർ പഞ്ചായത്തിലെ 11-ാം വാർഡിലെ വലിയവിള അങ്കണവാടിയിൽ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.

ശക്തമായ കാറ്റിലും മഴയിലും അങ്കണവാടിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പ്ലാവ് കടപുഴകി കെട്ടിടത്തിനുമേൽ പതിക്കുകയായിരുന്നു. ഈ സമയം കുട്ടികളും ടീച്ചറും ആയയും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. മഴയായതിനാൽ കുട്ടികൾ കുറവായിരുന്നു. സമീപത്തെ വൈദ്യുതി ലൈനും പൊട്ടിവീണു. അഗ്നിരക്ഷാ നിലയങ്ങളിലെ ജീവനക്കാരൊക്കെ പലസ്ഥലങ്ങളിലായി തിരക്കിലായിരുന്നതിനാൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് പ്രത്യേക പരിശീലനം നേടിയ പഞ്ചായത്ത്‌ ജീവനക്കാരൻ ദേവദത്തൻ,അസി.സെക്രട്ടറി ഗോപകുമാർ എന്നിവർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ മരച്ചില്ലകൾ വെട്ടിമാറ്റി അങ്കണവാടിയ്ക്കുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. കെ.എസ്.ഇ.ബി വൈദ്യുതി ഓഫാക്കി മുൻകരുതലെടുത്തിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ ചെലവിൽ മരം മുറിച്ചു മാറ്റി. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതൊഴികെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.