സ്‌കാനിംഗിന് കാലതാമസം : മനുഷ്യവകാശ കമ്മിഷന് പരാതി
Sunday 25 May 2025 12:36 AM IST
തൃശൂർ : ഗവ.മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ, എം.ആർ.ഐ, എക്‌സറേ എന്നിവയ്ക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. എച്ച്.ഡി.സി അംഗവും ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റുമായ കെ.എൻ.നാരായണനാണ് പരാതി നൽകിയത്. കിടപ്പു രോഗികൾക്ക് സി.ടി.സ്‌കാൻ ചെയ്യാൻ രണ്ടാഴ്ച്ചയോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഒ.പി രോഗികൾക്ക് മാസങ്ങൾ നീളും. ഇതിന്റെ പരിശോധനഫലം ലഭിക്കണമെങ്കിൽ പിന്നെയും ആഴ്ച്ചകൾ കാത്തിരിക്കണം. അൾട്ര സൗണ്ട് സ്‌കാനിംഗ് പരിശോധന നടത്താനും ഇതെ അവസ്ഥയാണ്. നെഞ്ചുരോഗാശുപത്രിയിലും എം.ആർ.ഐ സ്‌കാൻ സെന്ററിലും പരിശോധന നടത്താൻ കാത്തിരിപ്പ് തന്നെ. 2024 ൽ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല.