ജാഫർ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റി'ന് പാം ഡി ഓർ പുരസ്കാരം
പാരീസ്: ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് " 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി. ഇറാൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ പനാഹി, നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും തടവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജയിൽവാസകാലത്തെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ചതാണ് 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്. 2010ൽ ഇറാൻ ഭരണകൂടം അദ്ദേഹത്തിന് സിനിമയെടുക്കുന്നതിന് 20 വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം സർക്കാർ അംഗീകാരമില്ലാതെ ചിത്രീകരിച്ച സിനിമകളിൽ ഒന്നാണ് ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്.
നോർവീജിയൻ ചലച്ചിത്രകാരൻ വാക്കിം ട്രയറിന്റെ 'സെന്റിമെന്റൽ വാല്യു" രണ്ടാമത്തെ ബഹുമതിയായ ഗ്രാൻ പ്രീ പുരസ്കാരം നേടി. ജർമ്മൻ സംവിധായിക മാഷ ഷിലിൻസ്കിയുടെ 'സൗണ്ട് ഒഫ് ഫോളിംഗ്", സ്പാനിഷ് സംവിധായകൻ ഒലിവർ ലക്സിന്റെ 'സിറാറ്റ്" എന്നിവ ജൂറി പുരസ്കാരത്തിന് അർഹമായി.
പോർച്ചുഗീസ് ഭാഷയിലുള്ള പൊളിറ്റിക്കൽ ത്രില്ലറായ 'ദ സീക്രട്ട് ഏജന്റി"ലൂടെ ബ്രസീലിയൻ സംവിധായകൻ ക്ലെബർ മെൻഡോസ ഫീൽയോ മികച്ച സംവിധായകനായും ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വാഗ്നർ മൗറ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ദ ലിറ്റിൽ സിസ്റ്രറിലെ അഭിനയത്തിന് ഫ്രഞ്ച് താരം നാദിയ മെല്ലിറ്റി മികച്ച നടിയായി. മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള ക്യാമറ ഡി'ഓർ ദി പ്രസിഡന്റ്സ് കേക്കിന് ഹസൻ ഹാദിക്ക് ലഭിച്ചു, ഒരു ഇറാഖി ചിത്രത്തിന് ആദ്യമായി കാനിൽ ലഭിച്ച പുരസ്കാരമാണിത്. അൺസേർട്ടൻ റിഗാർഡ് വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യൻ ചിത്രം ഹോം ബൗണ്ടിന് പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല. ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡി നീറോ, ഡെൻസൽ വാഷിംഗ്ടൺ എന്നിവർക്കാണ് ഓണററി പാം ഡി ഓർ.