വലപ്പണിക്കാരൻ ലോഡ്ജിൽ വെട്ടേറ്റ് മരിച്ചനിലയിൽ

Sunday 25 May 2025 2:04 AM IST

ബേപ്പൂർ: വല റിപ്പയറിംഗ് കേന്ദ്രത്തിലെ തൊഴിലാളിയെ ലോഡ്ജിൽ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി സോളമനെയാണ് (64) ഹാർബർ റോഡ് ജംഗ്ഷനു സമീപത്തെ ത്രീ സ്റ്റാർ ലോഡ്ജിന്റെ ഒന്നാംനിലയിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി മത്സ്യബന്ധന ഹാർബറിന് സമീപത്തെ വല റിപ്പയറിംഗ് കേന്ദ്രത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. കഴുത്തിന്റെ ഇടതു ഭാഗത്തായാണ് വെട്ടേറ്റത്.

ഇന്നലെ രാവിലെ 7ഓടെ ഉടമ ലോഡ്ജിലെത്തിയപ്പോഴാണ് തുറന്നുകിടന്ന മുറിയിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മത്സ്യ ഏജന്റും ഫൈബർ വള്ള ഉടമയുമായ കന്യാകുമാരി സ്വദേശി അനീഷ് എന്നയാൾ വാടകയ്ക്കെടുത്ത മുറിയാണിത്. അനീഷ് ഉൾപ്പെടെ മൂന്നുപേർ വെള്ളിയാഴ്ച രാത്രി 9ഓടെ തിരുവനന്തപുരത്തും കുളച്ചിലിലുമുള്ള വീടുകളിലേക്ക് പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർ പോയശേഷം മുറിയിൽ എത്തിയവരെക്കുറിച്ചാണ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച മുറി ഒഴിയുമെന്ന് ലോഡ്ജ് ഉടമയെ അനീഷ് അറിയിച്ചിരുന്നു.

ഹാർബറിനു സമീപത്തെ ചെമ്പൻസ് ലോഡ്ജിലായിരുന്നു സോളമൻ വർഷങ്ങളായി താമസിച്ചിരുന്നത്. അവിടെ വെള്ളമില്ലാത്തതിനെ തുടർന്ന് കുളിക്കാനായി ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ എത്തിയതാണെന്നാണ് വിവരം.

ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരേതയായ ഫിലോമിനയാണ് സോളമന്റെ ഭാര്യ. മക്കൾ: മനോജ്, പരേതനായ റോമി.