കത്തി കൊണ്ട് വയറിനു കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും

Sunday 25 May 2025 1:29 AM IST

കൽപ്പറ്റ: കത്തികൊണ്ട് വയറിന് കുത്തിയ കേസിൽ യുവാവിന് ഏഴുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മുള്ളൻകൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയിൽ താമസിക്കുന്ന വിനോദി(37) നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. 2019 മെയ് 24ന് രാത്രിയോടെ കൽപ്പറ്റ ഫ്രണ്ട്സ് നഗർ ഉന്നതിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനമരം ഏച്‌ചോം വാടോത്ത് ഉന്നതിയിലെ വിജീഷി(24)നെ പ്രതി ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അന്നത്തെ കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ജി.പി സജുകുമാർ കേസിൽ ആദ്യാന്വേഷണം നടത്തുകയും പിന്നീട് എം.എം അബ്ദുൾ കരീം (ഇപ്പോൾ ഡി. വൈ. എസ്. പി സ്‌പെഷ്യൽ ബ്രാഞ്ച്) ഒളിവിലായിരുന്ന പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. കേസിന്റെ തെളിവിലേക്ക് 13 സാക്ഷികളെ വിസ്തരിച്ചു, 11 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് അഭിലാഷ് ജോസഫ് ഹാജരായി.