വാടകവീട്ടിൽനിന്ന് മയക്കുമരുന്ന് സഹിതം യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു
Sunday 25 May 2025 2:30 AM IST
മണ്ണാർക്കാട്: വാടകവീട്ടിൽനിന്ന് മയക്കുമരുന്ന് സഹിതം യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. കുമരംപുത്തൂർ വട്ടമ്പലത്ത് വാടകയ്ക്കുതാമസിക്കുന്ന ആസാം സ്വദേശി മന്നാസലി (29) ആണ് അറസ്റ്റിലായത്. 15 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമാണ് പരിശോധനയിൽ കണ്ടെടുത്തത്. മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു പരിശോധന. മുറിയിലെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. വില്പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവാവും കുടുംബവും നാലുമാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്രഫ്, അസി.എസ്.ഐ വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ, അശ്വന്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിസി, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.