യൂനുസ് തുടരുമെന്ന് ക്യാബിനറ്റ് അംഗങ്ങൾ

Sunday 25 May 2025 7:02 AM IST

ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസ് തുടരുമെന്ന് ക്യാബിനറ്റ് അംഗങ്ങൾ. തന്റെ രാജിക്കായി രാഷ്ട്രീയ, സൈനിക സമ്മർദ്ദം ഉയരുന്നതിനിടെ ക്യാബിനറ്റ് അംഗങ്ങളുടെ അടിയന്തര യോഗം യൂനുസ് ഇന്നലെ ധാക്കയിൽ വിളിച്ചു ചേർത്തിരുന്നു. യോഗത്തിന്റെ അജണ്ട വ്യക്തമാക്കിയിട്ടില്ല. എന്നാൽ, യൂനുസ് രാജിക്കാര്യം തങ്ങളോട് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം സർക്കാരിൽ തുടരുമെന്നും ക്യാബിനറ്റ് അംഗം വഹീദുദ്ദീൻ മഹ്‌മൂദ് അടിയന്തര യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ അറിയിച്ചു. അതേ സമയം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അടക്കം രാഷ്ട്രീയ കക്ഷികളുമായും യൂനുസ് കൂടിക്കാഴ്ച നടത്തും.