ഹൃദയം തകർന്ന് ഗാസ; ഇസ്രയേൽ  നടത്തിയ  വ്യോമാക്രമണത്തിൽ ഡോക്ടർക്ക് നഷ്ടമായത് ഒമ്പതുമക്കളെ

Sunday 25 May 2025 10:41 AM IST

ജറുസലേം: ഗാസയിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിൽ ഒമ്പത് പേർ മരിച്ചു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ ഡോക്ടർ അലാ അൽ - നജ്ജാറിന് തന്റെ ഒൻപത് മക്കളെയാണ് നഷ്ടമായത്. അലായ്ക്ക് ഇനി ശേഷിക്കുന്നത് 11 വയസുള്ള മകനും ഭർത്താവും മാത്രം.

വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകന് ശസ്ത്രക്രിയ ചെയ്തതും അലാ തന്നെയാണ്. അലായുടെ ഭർത്താവും ഡോക്ടറുമായ ഹംദി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അലായെ ജോലി സ്ഥലത്താക്കി ഹംദി തിരിച്ച് വീട്ടിലെത്തി മിനിറ്റുകൾക്കകമായിരുന്നു ആക്രമണം നടന്നതെന്ന് ഗാലയിലെ ആരോഗ്യമന്ത്രാലയ ഡയറക്ടർ ഡോ. മുനീർ അൽബൗർഷ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ 70 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.

അലായുടെ മൂത്ത മകന് വെറും 12 വയസ് മാത്രമേ പ്രായമുള്ളുവെന്നും ഡോ. മുനീർ പറഞ്ഞു. ഹംദിയുടെ നില വളരെ ഗുരുതരമാണെന്നാണ് നാസർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ബ്രീട്ടിഷ് സർജനായ വിക്ടോറിയ റോസി പറഞ്ഞു. ഹംദിയുടെ തലയിലാണ് പരിക്കേറ്റത്. 11 വയസുകാരനായ ആഡം ആണ് ചികിത്സയിലുള്ള കുട്ടി.