മോഹൻലാലിന്റെ ചരിത്ര വർഷം, ബംഗളുരുവിൽ ഹൗസ് ഫുള്ളായി തുടരും
ബംഗ്ളൂരുവിൽ ഹൗസ് ഫുള്ളായി
തുടരും
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമാകുകയാണ് 2025. മലയാളത്തിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് മോഹൻലാൽ - തരുൺമൂർത്തി ചിത്രം തുടരും കുതിക്കുന്നു. കേരളത്തിലെ തിയേറ്ററുകളിൽ അഞ്ചാംവാരത്തിലും മികച്ച കളക്ഷൻ നേടുന്നു. ആഗോളതലത്തിൽ 200 കോടി ക്ളബിൽ ഇടംപിടിച്ച തുടരും കേരളത്തിൽനിന്ന് 114 കോടി നേടി എന്നാണ് റിപ്പോർട്ട്. 30-ാം ദിവസം പിന്നിടുമ്പോൾ ബംഗ്ളൂരുവിൽ ചിത്രത്തിന് ഹൗസ് ഫുൾ ഷോകൾ ഇപ്പോഴുമുണ്ട്. റിലീസ് ചെയ്ത 13 ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽനിന്ന് 100 കോടി ഗ്രോസ് നേടുകയും ചെയ്തു. ആഗോള കളക്ഷനിൽ ഒന്നാംസ്ഥാനത്ത് തുടരും ആണ്. എമ്പുരാൻ ആണ് രണ്ടാംസ്ഥാനത്ത്. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറുകോടി ക്ളബിൽ എത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് തുടരും.
മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്ന സിനിമകളും ജൈത്രയാത്ര നടത്തുമെന്നാണ് വിലയിരുത്തൽ. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വം ഓണത്തിന് റിലീസ് ചെയ്യും.അതേസമയം
പാൻ ഇന്ത്യൻ ചിത്രമായ കണ്ണപ്പ ആണ് അടുത്ത റിലീസ് . ജൂൺ 21 ന് റിലീസ് ചെയ്യും . കിരാത എന്ന കഥാപാത്രമായി 15 മിനിറ്റ് നേരം മോഹൻലാൽ അതിഥി വേഷത്തിൽ മാസ് പ്രകടനം കണ്ണപ്പയിൽ കാഴ്ചവയ്ക്കുമെന്ന് നായകൻ വിഷ്ണു മഞ്ചു വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭ ഒക്ടോബർ 16ന് റിലീസ് ചെയ്യും. ഒരു കൊടുങ്കാറ്റായി എത്തുന്ന യോദ്ധാവിന്റെ വേഷമാണ്
ഋഷഭയിൽ മോഹൻലാലിന്. ദിലീപും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ഭ. ഭ. ബ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. ഭ. ഭ. ബ ഇൗവർഷം റിലീസ് ചെയ്യും. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബഡ്ജറ്റ് ചിത്രം അടുത്ത വർഷത്തെ മേജർ റിലീസാണ്.