വലതുവശത്തെ കള്ളൻ ഇന്ന് പണി തുടങ്ങും

Monday 26 May 2025 6:00 AM IST

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ ഇന്ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. ഇർഷാദ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകൻ ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്നാണ് ടാഗ് ലൈൻ. ഒരു കുറ്റാന്വേഷണ സിനിമ എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സൂചിപ്പിച്ചിരുന്നു . ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നു. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായും ചെറിയ സൂചനയാണ് പോസ്റ്ററിൽ. മിറാഷ് ആണ് ജീത്തു ജോസഫ് അവസാനം സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കിം ഷാ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മിറാഷ് റിലീസിന് ഒരുങ്ങുന്നു.