പെരുമഴയിൽ പെരിയ ദുരിതം
കോട്ടയം / പാലാ : തോരാമഴയിൽ ജില്ലയിൽ പരക്കെ നാശം. ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതോടെ, ഗതാഗത - വൈദ്യുതി തടസം നേരിട്ടു. മലയോരമേഖലയിലാണ് കൂടുതൽ നാശം. കണമല പള്ളിയുടെ മേൽക്കൂര തകർന്നു, ആറാട്ടുകയം, എയ്ഞ്ചൽവാലി, മുണ്ടക്കയം മേഖലകളിൽ വൻകൃഷിനാശവുമുണ്ട്.
മീനച്ചിൽ താലൂക്കിൽ തകർന്ന വീടുകളുടെ എണ്ണം 35 ആയി. കാണക്കാരി വില്ലേജിലും ളാലം വില്ലേജിലുമാണ് ഇന്നലെ ഓരോ വീടുകൾകൂടി മരംവീണ് ഭാഗികമായി തകർന്നത്. ളാലം വില്ലേജിൽ അന്തീനാട് പാറയ്ക്കൽ ഹരിയുടെ വീടിന് മുകളിലേക്ക് പന ഒടിഞ്ഞുവീഴുകയായിരുന്നു. ആർക്കും അപായമില്ല. ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. പുഴകളിലും, തോടുകളിലും ജലനിരപ്പ് ഉയർന്ന് തുടങ്ങി. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടതിനെത്തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുകയാണ്. കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഏത് സാഹചര്യവും നേരിടാൻ മീനച്ചിൽ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമില്ല വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാല യാത്രയും 26 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉത്തരവായി. നാളെ വരെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.
ജില്ലയിൽ ലഭിച്ച മഴ കണക്ക് (മില്ലി മീറ്ററിൽ): കോട്ടയം : 33.8 കോഴ : 52 പാമ്പാടി : 35.2 ഈരാറ്റുപേട്ട : 36 തീക്കോയി : 40 മുണ്ടക്കയം : 35 കാഞ്ഞിരപ്പള്ളി : 46.2 ബോയ്‌സ് എസ്‌റ്റേറ്റ് : 25
''ജില്ലയിലെ എല്ലാ താലൂക്കുകളിലും കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. നിലവിൽ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.
(ജില്ലാ ഭരണകൂടം)