അന്താരാഷ്ട്ര ആർട്ട് ക്യാമ്പിന് മലയാളി തിളക്കം

Monday 26 May 2025 12:56 AM IST

പാലാ: പിറ്റ് ഇറ്റ് ക്ലാംആർട്ട് ഇന്റർനാഷണൽ ആർട്ട് ക്യാമ്പിന് മലയാളി ചിത്രകാരന് തിളക്കം. ഫ്രാൻസിലെ വിലിസി വില്ല കുബാലി പ്രവിശ്യയിൽ നടന്ന അന്താരാഷ്ട്ര ആർട്ട് ക്യാമ്പിലാണ് മലയാളിയായ ആർ.കെ.ചന്ദ്രബാബുവിന് സെലക്ഷൻ കിട്ടിയത്. ഇന്ത്യയിൽ നിന്ന് സെലക്ഷൻ ലഭിക്കുന്ന ആദ്യത്തെ മലയാളി ചിത്രകലാകാരനാണ് ചന്ദ്രബാബു. കോട്ടയം നെച്ചിപ്പുഴൂർ സ്വദേശിയാണ്. നെതർലാന്റ്, ജർമ്മിനി, സ്വിസ്സർലാന്റ്, ഇറ്റലി, ബൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരാണ് പങ്കെടുത്ത മറ്റുള്ളവർ. കഴിഞ്ഞ മൂന്നു വർഷങ്ങളായി വിവിധ മീഡിയങ്ങളിലായി തുടർന്നു വരുന്ന പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകൾ എന്ന പരമ്പരയിലെ പത്ത് ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്.

അത് വലിയ അവസരം

പാരീസിലെ പ്രധാനപ്പെട്ട കലാ സാംസ്‌കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രമുഖരുമായി സംവദിക്കാനും സ്വന്തം വർക്കുകൾ ചെയ്യാനുമുള്ള അവസരമാണ് ക്ലാം ആർട്ട് ക്യാമ്പ് വഴി ലഭിച്ചത്. ക്ലാംആർട്ട് എന്ന ഫ്രാൻസിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയയാണ് ഇന്റർനാഷണൽ ആർട്ടിസ്റ്റ് റസിഡൻസി ക്യാമ്പ് ഒരുക്കിയത്. വാൻഗോഗ് മ്യൂസിയം, ആർട്ട് ഗ്യാലറി സന്ദർശനം യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കാനും, റോമിൽ മൈക്കലാഞ്ചലോയുടെ ശില്പങ്ങളും ചിത്രങ്ങളും നേരിൽ കണ്ട് ചർച്ച ചെയ്യാനും ചന്ദ്ര ബാബുവിന് അവസരം ലഭിച്ചു.

തൃശ്ശൂർ ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ ചന്ദ്രബാബു പത്രമാധ്യമങ്ങളിലും ജോലി ചെയ്തിട്ടുണ്ട് 26 വർഷമായി കലാ അധ്യാപകനാണ്. വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ ചിത്രകലാ അധ്യാപകനാണിപ്പോൾ.