ഫിനാൻസ് ഉടമയിൽ നിന്ന് 30 ലക്ഷം തട്ടിയ സഹോദരിമാർക്കെതിരെ കേസ്

Monday 26 May 2025 1:15 AM IST

തിരുവനന്തപുരം: പണയസ്വർണം വീണ്ടെടുക്കാനെന്ന വ്യാജേന ഫിനാൻസ് ഉടമയിൽ നിന്ന് 30ലക്ഷം തട്ടിയ സഹോദരിമാർക്കെതിരെ കരമന പൊലീസ് കേസെടുത്തു.കാട്ടാക്കട കിള്ളിയിലെ നടരാജ് ഫിനാൻസ് ഉടമ ബാലരാമപുരം ആലുവിള എസ്.ജെ നിവാസിൽ സനൂജ് നൽകിയ പരാതിയിൽ പാപ്പനംകോട് കൈമനം സ്വദേശികളായ സുമ,സുനി എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 12നാണ് സംഭവം. 420 ഗ്രാം സ്വർണം ബാങ്ക് ഒഫ് ഇന്ത്യ കൈമനം ബ്രാഞ്ചിലും പാപ്പനംകോട് കെ.എൽ.എം ഫിനാൻസിലും പണയം വച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നടരാജ് ഫിനാൻസ് ജീവനക്കാരൻ വിപിന്റെ പക്കൽ നിന്ന് ഇവർ 30 ലക്ഷം രൂപ വാങ്ങി.ബാങ്ക് ഒഫ് ഇന്ത്യ കൈമനം ബ്രാഞ്ചിൽ വച്ചാണ് പണം കൈമാറിയത്. തൊട്ടടുത്തെ കെ.എൽ.എം ഫിനാൻസിൽ നിന്ന് പണയസ്വർണം എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് പണവുമായി ഇരുവരും മുങ്ങുകയായിരുന്നെന്ന് സനൂജ് പറഞ്ഞു. പാപ്പനംകോട് ഗംഗാനഗറിലാണ് സുമ താമസിക്കുന്നത്. കൈമനം ആഴാംകല്ല് അമ്പനാട് റസിഡൻസ് അസോസിയേഷൻ പരിധിയിൽ ആണ് സുനിയുടെ താമസം. ഇരുവരും ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.