ദുരിതപ്പെയ്ത്തിൽ ഭീതി പരത്തി ദേശീയപാതകൾ
കണ്ണൂർ: ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ദുരിതങ്ങളുടെ പ്രവാഹം. കേരളത്തിന്റെ സ്വപ്നപദ്ധതിയായ എൻ.എച്ച് 66 ഓരോ ദിവസവും ദുരിതങ്ങളുടെ ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്. സോയിൽ നെയിലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരാജയപ്പെടുന്ന അവസ്ഥയാണ്.
നാഷണൽ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ഉറക്കവും സ്വപ്നങ്ങളും നഷ്ടപ്പെട്ടിട്ട് നാളുകളായി. മഴ തുടങ്ങിയതിൽ പിന്നെ മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല എന്നാണ് പലരും പറയുന്നത്. നിറയെ കുന്നുകളും പുഴകളും ഉള്ള ജില്ലയിൽ ദേശീയപാതയുടെ വലിയ പങ്ക് പ്രാവർത്തികമാക്കുന്നത് കുന്നുകളെ കീറിമുറിച്ചാണ്. കീറി മുറിച്ച കുന്നിലേക്ക് വെള്ളം ഇറങ്ങുമ്പോൾ ഉറപ്പില്ലാത്ത ഭാഗങ്ങൾ ഇടിഞ്ഞുതാഴുകയാണ്.
കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ചാലക്കുന്നിൽ ദേശീയപാത നിർമ്മാണത്തൊഴിലാളി മരിച്ചിരുന്നു. ജാർഖണ്ഡ് സ്വദേശിയായ ബയാസ് ഓറോൺ ആണ് ജില്ലയിലെ ദേശീയപാതയെന്ന സ്വപ്നത്തിനായി സ്വന്തം ജീവൻ കുരുതികൊടുത്തത്. വലിയ ഉയരത്തിലുള്ള പ്രദേശമായ ഇവിടെ ഇടിച്ചിറക്കിയാണ് പ്രവൃത്തികൾ നടക്കുന്നത്. മണ്ണിടിയാതിരിക്കാനുള്ള സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി നടക്കുന്നതിനിടയിൽ തന്നെയാണ് അപകടവും. ഇത് ജനങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
പലയിടങ്ങളിലും സംരക്ഷണ ഭിത്തികൾ പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ സംരക്ഷണ ഭിത്തികൾ ഇല്ല. ഭിത്തികൾ ഉണ്ടായാൽ തന്നെ മുകളിലെ ഭാരം കാരണം ഭിത്തിയുൾപ്പടെയുള്ള ഭാഗങ്ങൾ ഇടിയുമോ എന്നും ജനങ്ങൾ ഭയക്കുന്നുണ്ട്.
സോയിൽ നെയിലിംഗ് പരാജയം
നെറുകെ പിളർന്ന മഞ്ചക്കുന്നിന്റ ചിലഭാഗങ്ങളിലും ജില്ലയിൽ സമാന സാഹചര്യങ്ങളുള്ള പ്രദേശങ്ങളിലും മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് സംവിധാനമുപയോഗിച്ചിരുന്നു. സംരക്ഷണ ഭിത്തികൾ ഇല്ലാത്ത ഇടങ്ങളിലും പ്രവൃത്തി പൂർത്തിയാകുന്നവരെ താത്കാലികമായുമാണ് ഇത് സ്ഥാപിച്ചത് എന്നാണ് അധികാരികൾ വ്യക്താക്കുന്നത്. എന്നാൽ ആദ്യ മഴയിൽ തന്നെ പലയിടങ്ങളിലും സോയിൽ നെയിലിംഗ് ഉൾപ്പെടെ തകർന്നു വീഴുകയായിരുന്നു. ചെറിയ പ്രദേശങ്ങളിലല്ലാതെ വലിയകുന്നുകളിൽ മണ്ണിടിയാതെ സംരക്ഷിക്കാൻ ഇത്തരം സോയിൽ നെയിലിംഗുകൾക്ക് സാധിക്കില്ലായെന്ന് വ്യക്തമായിരിക്കുകയാണ്. മറ്റൊരുമാർഗ്ഗം കാണുകയല്ലാതെ ഇതിന് പരിഹാരമാകില്ല എന്നാണ് ജനങ്ങളും പറയുന്നത്.