കാറ്റിലും മഴയിലും മാന്നാറിൽ വ്യാപക നാശം, സ്കൂളിന്റെ മേൽക്കൂര തകർന്നു
മാന്നാർ : ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മാന്നാറിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. മരങ്ങൾ വീണ് വൈദുതി ലൈനുകൾ പൊട്ടിയും തൂണുകൾ തകർന്നും മാന്നാർ, ചെന്നിത്തല വൈദ്യുതി സെക്ഷൻ പരിധിയിൽ പലയിടത്തും ഇന്നലെയും വൈദ്യുതി തടസങ്ങൾ നേരിട്ടു. മാന്നാർ പഞ്ചായത്ത് കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡിൽ കനത്ത മഴയിൽ മരങ്ങൾ വീണ് പാട്ടത്തിൽ- കുമരപ്പള്ളി റോഡിലെ 4 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മാന്നാർ കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിന്റെ മേൽക്കൂരക്ക് നാശനഷ്ടം സംഭവിച്ചു. സ്കൂളിന്റെ രണ്ടാം നിലയുടെ മേൽക്കൂരയും സീലിങ്ങുമാണ് തകർന്നുവീണത്. ശക്തമായ കാറ്റിൽ മേൽക്കൂര തകർന്ന് ഷീറ്റുകൾ സ്കൂളിന്റെ മുറ്റത്തേക്ക് പറന്നു വീണു. സ്കൂളിന്റെ ശുചിമുറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൊഴിലാളികൾ സമീപത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നാശനാഷ്ടങ്ങൾ വിലയിരുത്തും. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ഉള്ളതിനാൽ എത്രയും വേഗം നിർമ്മാണം നടത്തി സുരക്ഷിതമായി ക്ലാസുകൾ നടത്താനുള്ള ശ്രമങ്ങളാണ് സ്കൂൾ മാനേജ്മെന്റ് നടത്തുന്നത്.