പുലിമുട്ടില്ല,​ അഞ്ഞൂറോളം കുടുംബങ്ങൾ ഭീതിയിൽ

Monday 26 May 2025 1:03 AM IST

അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബർ മുതൽ പുറക്കാട് എസ്.ഡി.വി യു.പി സ്കൂൾ വരെയുള്ള തീരത്ത് പുലിമുട്ടില്ലാത്തതിനാൽ അഞ്ഞൂറോളം കുടുംബങ്ങൾ ഭീതിയിൽ. പുറക്കാട് പഞ്ചായത്തിലെ തീരപ്രദേശത്തെ മൂന്നു വാർഡുകളിലെ 4 കിലോ മീറ്ററോളം ചുറ്റളവിലുള്ള ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് പുലിമുട്ട് എന്നത്. അതില്ലാത്തതിനാൽ തീരത്തെ 500 ഓളം വീടുകളും ഒറ്റപ്പന, പുത്തൻ നട, പുന്തലപ്പള്ളി തുടങ്ങിയ പൗരാണിക ദേവാലയങ്ങളും തകർച്ചാ ഭീഷണിയിലാണ്. വർഷങ്ങളായി അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളിലെ കടൽക്ഷോഭത്തിൽ വീട് തകർന്ന മത്സ്യതൊഴിലാളികൾ ഇപ്പോഴും റെയിൽവെ പുറമ്പോക്കിലും വാടക കെട്ടിടത്തിലും കഴിഞ്ഞു വരികയാണ്. തോട്ടപ്പള്ളി മണ്ണും പുറം കോളനിയിൽ മത്സ്യതൊഴിലാളികൾക്കായി ഫ്ലാറ്റ് നിർമ്മാണം തുടങ്ങി ആറ് വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല.

പതിറ്റാണ്ടുകളായി തീരത്ത് പാർക്കുന്ന വിദ്യാർത്ഥികളും, വൃദ്ധരും, കിടപ്പു രോഗികളും അടങ്ങുന്ന മത്സ്യത്തൊഴിലാളി സമൂഹം ഇപ്പോഴും അവഗണനയുടെ നടുവിലാണെന്നും പ്രദേശത്തേയ്ക്ക് അധികൃതർ

തിരിഞ്ഞു നോക്കാറില്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.