ആശങ്കയിൽ തൃക്കുന്നപുഴ- ആറാട്ടുപുഴ തീരദേശം

Monday 26 May 2025 2:03 AM IST

ഹരിപ്പാട്: കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് മഴ തുടങ്ങിയപ്പോൾ തന്നെ തൃക്കുന്നപുഴ- ആറാട്ടുപുഴ തീരദേശ തീരവാസികൾ ഭീതിയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ കാർത്തിക ജംഗ്ഷനിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട് ഭാഗത്തുമാണ് കൂടുതൽ അപകടാവസ്ഥ നിലനിൽക്കുന്നത്. ഇവിടങ്ങളിൽ കടൽത്തി തീരെ ദുർബലമാണ്. ആറാട്ടുപുഴ പടിഞ്ഞാറെ ജുമാ മസ്ജിദിന് വടക്കുഭാഗം മുതൽ കാർത്തിക ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇന്നലെയും കടലാക്രമണം നാശം വിതച്ചു. കരയിലേക്ക് അടിച്ചു കയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. തീരദേശ റോഡിൽ മണലടിഞ്ഞു. വീട്ടുകാരും കച്ചവടക്കാരും ദുരിതത്തിലായി. വരും ദിവസങ്ങളിൽ ഇവരുടെ ജീവിതം കൂടുതൽ പ്രയാസത്തിലാകും. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ ചേലക്കാട് ഭാഗത്ത് കാട്ടാശ്ശേരിൽ പടീറ്റതിൽ സിയാദിന്റെയും നൗഷാദിന്റെയും വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. മണൽ ചാക്ക് അടുക്കി വീട് സംരക്ഷിക്കാൻ കഠിനാധ്വാനം നടത്തിയെങ്കിലും ശക്തമായ തിരമാലയിൽ അതെല്ലാം നിഷ്ഫലമാകുന്ന അവസ്ഥയാണുള്ളത്. വീടിന്റെ അടുക്കളയുടെ ഭാഗം ഞായറാഴ്ചത്തെ കടലാക്രമണത്തിൽ താഴേക്ക് ഇരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ കരിങ്കല്ല് ഇറക്കി പ്രതിരോധം തീർത്താൽ ഈ വീടുകൾ സംരക്ഷിക്കാൻ കഴിയും. അറപ്പൻ കടൽ ആയതിനാൽ മണ്ണ് ഇടിഞ്ഞിടിഞ്ഞ് കടലിലേക്ക് വീഴുകയാണ്. 40 വർഷം മുമ്പ് ഇവിടെ നിർമ്മിച്ച കടൽഭിത്തി പൂർണ്ണമായും മണ്ണിൽ താഴ്ന്നതിനാൽ ചെറിയൊരു തിരമാലയെ പോലും പ്രതിരോധിക്കാനുള്ള ശേഷിയില്ല. തൊട്ടടുത്തു വരെ പുലിമുട്ട് ഉള്ളതിനാൽ തിരമാലയുടെ ശക്തി ഈ ഭാഗത്തേക്ക് കേന്ദ്രീകരിച്ചതാണ് കടൽ ഭിത്തിയുടെ തകർച്ചയ്ക്ക് കാരണം. ചേലക്കാട് ക്ഷേത്രത്തിന് പടിഞ്ഞാറ് കാട്ടാശ്ശേരിൽ ഭാഗം മുതൽ വടക്കോട്ട് പാനൂർ പള്ളിമുക്ക് വരെയും, പുത്തൻപുര ജംഗ്ഷൻ മുതൽ വടക്കോട്ട് പല്ലന കുറ്റിക്കാട് വരെയും, കുമാരകോടി ജംഗ്ഷൻ മുതൽ വടക്കോട്ട് ചന്തയ്ക്ക് തെക്ക് വരെയും, മധുക്കൽ ജംഗ്ഷന് വടക്കുഭാഗം മുതൽ പള്ളിപ്പാട്ട് മുറി വരെയും കടലാക്രമണ ഭീഷണി ശക്തമാണ്. എം.ഇ.എസ് ജംഗ്ഷൻ ഭാഗത്തും തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ഭാഗങ്ങളിലും താൽക്കാലികമായി ജിയോബാഗ് അടക്കിയിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന കടലാക്രമണത്തെ അതിജീവിക്കുമോയെന്ന ആശങ്ക തീരവാസികൾക്കുണ്ട്.