പുന്നപ്രയിൽ കടൽകയറ്റവും വെള്ളക്കെട്ടും രൂക്ഷം
അമ്പലപ്പുഴ: പുന്നപ്രയിൽ ശക്തമായ കടൽ കയറ്റവും, വെള്ളക്കെട്ടും രൂക്ഷം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരവും സമീപത്തെ ദേവാലയവും വീടുകളും ഏതു സമയത്തും കടലാക്രമണത്തിൽ തകരാവുന്ന സ്ഥിതിയാണ്. പടിഞ്ഞാറ് നിന്ന് ആർത്തലച്ചെത്തുന്ന കൂറ്റൻ തിരമാലകൾ തീരം തകർത്ത് മുന്നോട്ടു നീങ്ങുകയാണ്. തീരം സംരക്ഷിക്കാൻ നട്ടുപിടിപ്പിച്ച നൂറു കണക്കിന് കാറ്റാടി മരങ്ങൾ നിലംപൊത്തി. ഇവ കടലിൽ ഒഴുകി നടക്കുകയാണ്. വണ്ടാനം മാധവൻ മുക്ക്, പുന്നപ്ര ചള്ളി ഫിഷ് ലാൻഡ്, പുന്നപ്രവിയാനി,പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി ഭാഗങ്ങളിലെല്ലാം ഭീതി വിതച്ച് കടൽ കയറ്റം ശക്തമാണ്. കടൽ ഭിത്തിയില്ലാത്ത വിയാനിയിൽ റോഡു വരെ തിരമാലകൾ ഇരച്ചുകയറി. മാധവൻ മുക്കിൽ കടൽ ഭിത്തിയും കവിഞ്ഞു കടൽ കയറി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ വാവക്കാട്ട് പൊഴി മുഖത്തേക്കു വണ്ടാനത്തെ പുലിമുട്ടിൽ ഇടിച്ചു വരുന്ന കടൽവെള്ളം ഇരച്ചുകയറുന്നതിനാൽ രാത്രിയോടെ കവിയാൻ സാദ്ധ്യത ഏറെയാണ്. കടലാക്രമണം ശക്തമായ നർബോനയിൽ ശനിയാഴ്ച വൈകിട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ റവന്യു സംഘം സന്ദർശനം നടത്തിയിരുന്നു. തോട്ടപ്പള്ളി പൊഴിയും സംഘം സന്ദർശിച്ചിരുന്നു.
രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമാണ്. ഇതോടെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ തോട്ടപ്പള്ളി പൊഴിമുറിക്കാൻ ആരംഭിച്ചു. ഞായറാഴ്ച ഒരു ജെ.സി.ബി ഉപയോഗിച്ചാണ് മണ്ണ് മാറ്റൽ ആരംഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ജെ.സി.ബികൾ എത്തിച്ച് മണ്ണുമാറ്റി പൊഴിമുഖം പൂർണമായും തുറക്കും.