കാലവർഷം : 31 വീടുകൾക്ക് നാശം കൈക്കുഞ്ഞടക്കം 8 പേർക്ക് പരിക്ക്

Monday 26 May 2025 1:19 AM IST

ആലപ്പുഴ: മഴക്കെടുതികളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ രണ്ട് വീടുകൾ പൂർണമായും 29 വീടുകൾ ഭാഗികമായും തകർന്നു.കുട്ടനാട് തകഴി കുന്നുമ്മ കുറുങ്ങാട്ട് റംലത്തിന്റെ വീട് മഴയിൽ കുതിർന്ന് വീണ് 8 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റംലത്ത് (35), അൻസില(33)അനസ്(35) അനസിന്റെ മക്കളായ ഫൈസി(11), അഫ്സ മറിയം (രണ്ടര) അസീസ (ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്. ഓടുകൾ പൊട്ടിവീണ് തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. കൈനകരി സൗത്തിൽ രാധികയുടെ വീടും മരം കടപുഴകി വീണ് പൂർണമായും തകർന്നു. കാലവർഷം ശനിയാഴ്ച സംസ്ഥാനത്തെത്തിയതായി മുന്നറിയിപ്പുണ്ടായെങ്കിലും വെള്ളി, ശനി ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ആലപ്പുഴ നഗരത്തിലുൾപ്പെടെ മഴ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണമുണ്ടായ അമ്പലപ്പുഴ, പുറക്കാട്, തൃക്കുന്നപ്പുഴ മേഖലളിൽ ഇന്നലെയും ശക്തമായ കടൽകയറ്റം അനുഭവപ്പെട്ടു. തൃക്കുന്നപ്പുഴയിൽ ഏതാനും വീടുകൾ അപകടാവസ്ഥയിലാണ്.

നിലവിൽ ഓറഞ്ച് അലർട്ട് തുടരുന്ന ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലാണ്. ദേശീയ പാത നിർമ്മാണജോലികളെയും മഴ തടസപ്പെടുത്തിയിട്ടുണ്ട്. ശക്തമായ തിരമാലയും കള്ളക്കടൽ പ്രതിഭാസവും കണക്കിലെടുത്ത് തീരദേശത്ത് മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ വെള്ളപ്പൊക്കകെടുതികൾ ഉണ്ടാകാനിടയുള്ള കുട്ടനാടുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

........................

തകർന്ന വീടുകൾ

(താലൂക്ക് തിരിച്ച് )​

ചേർത്തല....................16

കുട്ടനാട് ........................4

മാവേലിക്കര..................4

ചെങ്ങന്നൂർ...................1

ശനിയാഴ്ച തകർന്നത്...6

ആകെ...........................31