ആയുധങ്ങൾ സൂക്ഷിക്കുന്ന ലോഹനിർമ്മിത പെട്ടി കടപ്പുറത്ത്
Monday 26 May 2025 12:00 AM IST
ചാവക്കാട്: ആയുധങ്ങൾ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമ്മിത പെട്ടി കടപ്പുറം തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് കണ്ടെത്തി. കടലിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീരത്തടിഞ്ഞ നിലയിൽ പെട്ടി കണ്ടെത്തിയത്. ഇവർ പൊലീസിനെയും കടപ്പുറം മുനയ്ക്കക്കടവ് തീരദേശ പൊലീസിനെയും വിവരമറിയിച്ചു. അര അടി വീതിയും, ഒരടിയോളം നീളവുമുള്ള ചെറിയ പെട്ടിയാണ് കണ്ടെത്തിയത്. മുനയ്ക്കകടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. നേവി, കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കപ്പലുകളിലെ സുരക്ഷാവിഭാഗത്തിൽ ഇത്തരത്തിലുള്ള പെട്ടികൾ ഉപയോഗിക്കാറുണ്ടെന്നാണ് പറയുന്നത്. റൈഫിൾ തിര സൂക്ഷിക്കുന്ന പെട്ടിയാണെന്നും ഉപയോഗ ശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം. പെട്ടി പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.