വ്യാജ ഒപ്പിട്ട് 21 ലക്ഷം തട്ടിയെന്ന് ഭാര്യയുടെ പരാതി ഭർത്താവിനും ബാങ്ക് ജീവനക്കാർക്കുമെതിരെ കേസ്

Monday 26 May 2025 1:09 AM IST

തിരുവനന്തപുരം: വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ബാങ്ക് ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. കോട്ടുക്കൽ പുളിൻകുടി ലാൽഹൗസിൽ ശിവ ചിഞ്ചുവിന്റെ (37) പരാതിയിലാണ് ഭർത്താവ് ജ്യോതിരാജ്,സ്വകാര്യ ബാങ്ക് ജീവനക്കാർ എന്നിവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. പൊലീസ് പറയുന്നത്: ശിവചിഞ്ചുവിന്റെയും ഭർത്താവ് ജ്യോതിരാജിന്റെയും പേരിലുള്ള ഒന്നരസെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 21.34 ലക്ഷം രൂപ സർക്കാർ ഇവർക്ക് കൈമാറി. ഈ തുക സ്വകാര്യ ബാങ്കിൽ ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും അകന്നു കഴിയുകയാണ്. തുടർന്ന് 2024 ഫെബ്രുവരി 25ന് ജ്യോതിരാജ് ശിവ ചിഞ്ചുവിന്റെ വ്യാജ ഒപ്പും രേഖകളും ഹാജരാക്കി അക്കൗണ്ടിലുണ്ടായിരുന്ന 21.34 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. വ്യാജ രേഖകൾ തയ്യാറാക്കുന്നതിലും പണം അക്കൗണ്ടിൽ നിന്ന് മാറ്റുന്നതിലും ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്നാരോപിച്ചാണ് ബാങ്ക് ജീവനക്കാരെയടക്കം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.