പെട്രോൾ പമ്പുകളിൽ നിന്ന് പണം മോഷ്ടിച്ച 2പേർ പിടിയിൽ
പാറശാല: പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പൊഴിയൂർ പൊലീസ് പിടികൂടി. ചെങ്കൽ മര്യാപുരം പുളിയറ വീട്ടിൽ ബിബിജിത്ത് (23ബിച്ചു), കടകംപള്ളി കരിക്കകത്ത് അനന്ദൻ (18) എന്നിവരെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ച 3ന് ഉച്ചക്കടയിലെ ഐ.ഒ.സി പമ്പിൽ ബൈക്കിലെത്തിയ ഇരുവരും പമ്പ് ജീവനക്കാരനോട് ചില്ലറ ചോദിച്ചു. ജീവനക്കാരൻ മേശതുറന്നപ്പോൾ പ്രതികൾ മേശയിലുണ്ടായിരുന്ന 8500 രൂപ കൈക്കലാക്കി ബൈക്കിൽ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരവെ ശനിയാഴ്ച പുലർച്ചെ 1ന് നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമത്തിലുള്ള മോർഗൻ പെട്രോൾ പമ്പിലെത്തിയ പ്രതികൾ ജീവനക്കാരനെ ആക്രമിച്ചശേഷം 21,000 രൂപ അടങ്ങുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് 4.30ഓടെ വിഴിഞ്ഞം മുക്കോലയിലെ ഐ.ഒ.സിയുടെ പെട്രോൾ പമ്പിലെത്തി ജീവനക്കാരനിൽനിന്ന് 7,500 രൂപ അടങ്ങുന്ന ബാഗും പ്രതികൾ തട്ടിയെടുത്ത്.
പമ്പ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുവേളി ഭാഗത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികളെ പിടികൂടിയത്. റൂറൽ എസ്.പി സുദർശന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ പൊഴിയൂർ എസ്.എച്ച്.ഒ ആസാദ് അബ്ദുൾ കലാം,എസ്.ഐ സുജിത്ത്,എസ്.സി.പി.ഒ അരുൺ ജോസ്, സി.പി.ഒഅജിത്ത്,ഡ്രൈവർ എ.എസ്.ഐ രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 2024ൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രി ക്യാന്റീന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയാണ് അനന്ദൻ.