പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Monday 26 May 2025 1:58 AM IST

ശ്രീകാര്യം: ചാവടിമുക്ക് സി.വി നഗറിൽ അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരിപ്ര മടന്തക്കോട് സ്വദേശി ഹെയിൽ രാജുവിനെയാണ് (22) ശ്രീകാര്യം പൊലീസ് പിടികൂടിയത്. എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലുള്ള ചേച്ചിയെ കണ്ട് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇയാൾ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറിയപ്പോൾ കൈയിൽ അടിക്കുകയായിരുന്നു. വീണ്ടും പിന്തുടർന്ന പ്രതിക്കായി നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് കുട്ടി അമ്മയോടൊപ്പം ശ്രീകാര്യം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

സമീപത്തെ സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പ് സ്ത്രീയെ ഉപദ്രവിച്ച് മാലപൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ശ്രീകാര്യം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പദ്മകുമാർ,ഷാജി,എസ്.സി.പി.ഒ അരുൺ,സി.പി.ഒമാരായ പ്രശാന്ത്,സജീർ, ആനന്ദ്,വനിതാ സി.പി.ഒമാരായ പ്രിയ,നിഷ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.