പൊലീസിന്റെ കോമ്പിംഗ് ഓപ്പറേഷൻ:  നിരവധി പേർ പിടിയിൽ 

Monday 26 May 2025 1:58 AM IST

പത്തനംതിട്ട : ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത കോമ്പിംഗ് ഓപ്പറേഷനിൽ വിവിധ കേസുകളിൽ നിരവധിപേർ പിടിയിലായി. ലഹരിവസ്തുക്കൾക്കെതിരെ നടന്ന 83 റെയ്ഡുകളിൽ കഞ്ചാവ് ബീഡി വലിച്ചതിന് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11ഉം പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 12 കേസുകളിൽ 11ഉം പേർ പിടിയിലായി. 37 ഇടത്താണ് പരിശോധന നടന്നത്. നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപന കണ്ടെത്തുന്നതിന് 51 ഇടത്ത് നടന്ന് റെയ്ഡിൽ 18 പേർ അറസ്റ്റിലായി. മദ്യപിച്ചു വാഹനം ഓടിച്ച 112 പേർക്കെതിരെ കേസെടുത്തു. 759 വാഹനങ്ങൾ പരിശോധിച്ചു. വർഷങ്ങളായി മുങ്ങിനടന്ന 15 വാറന്റ് കേസുകളിലെ പ്രതികളെ പിടികൂടി. ജാമ്യമില്ലാ വാറണ്ടുകളിൽ 36 പേരാണ് പിടിയിലായത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഒരാളെ അറസ്റ്റ് ചെയ്തു. ഗുരുതരമല്ലാത്ത കേസുകളിൽ ഒളിവിലായിരുന്ന 14 പേരും പൊലീസ് പരിശോധനയിൽ കുടുങ്ങി.