അഞ്ചുവയസുകാരനെ തുടർച്ചയായി ഉപദ്രവിച്ച രണ്ടാനച്ഛൻ റിമാൻഡിൽ
ചേർത്തല:അഞ്ചുവയസുകാരനെ രണ്ടാനച്ഛൻ തുടർച്ചയായി ഉപദ്രവിച്ചതായി കാട്ടി സ്‌കൂൾ പി.ടി.എ നൽകിയ പരാതിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. ഇടുക്കി ആലങ്കോട് കോരമംഗലം ജെയ്സൺ ഫ്രാൻസീസിനെയാണ് (45) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഗവ.ടൗൺ എൽ.പി സ്‌കൂളിലെ പി.ടി.എയുടെ പരാതിയിലാണ് നടപടി.നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും അവശനായി സ്‌കൂളിൽ എത്തിയ കുട്ടിയോട് അദ്ധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോൾ അമ്മ ഇതിൽ ഇടപെടാറില്ലെന്നും വിവരമുണ്ട്. മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കുടുംബത്തിൽ നിന്ന് അകന്നു നിൽക്കുന്ന ജെയ്സൺ മുന്നു വർഷമായി കുട്ടിയുടെ അമ്മയോടെപ്പമാണ് കഴിയുന്നത്.കൂലി പണിക്കാരനായ ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഇയാൾക്കെതിരെ പരാതി കൊടുക്കാൻ യുവതി തയ്യാറാകാത്തതിനെ തുടർന്നാണ് പി.ടി.എ ഭാരവാഹികൾ പരാതി നൽകിയത്.കുട്ടിയെ സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചുയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്ത്.സി.ഐ. ജി.അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.