സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം: റാപ്പർ ഡബ്സി അടക്കം 4 പേർ അറസ്റ്റിൽ
Monday 26 May 2025 2:00 AM IST
എടപ്പാൾ: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വച്ച റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിൽ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഫാരിസ് (31) , റംഷാദ് (32) , അബ്ദുൾ ഗഫൂർ (37) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. . വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ചങ്ങരംകുളം കാഞ്ഞിയൂരിലെ ബാസിലിൻ്റെ വീട്ടിലെത്തി ഡബ്സിയും സംഘവും ബഹളം വച്ചത്. വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി നാലുപേരേയും കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തർക്കത്തിന് പുറമേ ഗൾഫിൽ നടന്ന ഡബ്സിയുടെ പ്രോഗ്രാമുമായി ബന്ധപ്പെട്ട ചില ഡിജിറ്റൽ രേഖകൾ ബാസിലിൻ്റെ കൈവശമുള്ളതിനെ ചൊല്ലി ഇരുവരും തമ്മിൽ കുറച്ചു കാലമായി തർക്കം തുടരുകയാണ്. പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.