ആറ് മണിക്കൂർ നിറുത്താതെ പെയ്ത്ത് പെരുമഴയിൽ മുങ്ങി ഡൽഹി
ന്യൂഡൽഹി: ശനിയാഴ്‌ച രാത്രി മുതൽ ആറുമണിക്കൂർ നിറുത്താതെ പെയ്‌ത കനത്ത മഴയിൽ ഡൽഹി നഗരം മുങ്ങി. ശക്തമായ കാറ്റിൽ നിരവധി മേഖലകളിൽ മരങ്ങൾ കടപുഴകിവീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജനജീവിതത്തെ സാരമായി ബാധിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 100ലധികം വിമാന സർവീസുകളെ ബാധിച്ചു. 40ലധികം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശനിയാഴ്‌ച രാത്രി 11.30 മുതൽ ഇന്നലെ വെളുപ്പിന് അഞ്ചു വരെ 81.2 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ പെയ്‌തത്. മണിക്കൂറിൽ 82 കിലോമീറ്റർ ശക്തിയിൽ കാറ്റും വീശി. സരായ് കാലെ ഖാൻ ബസ് സ്റ്റാൻഡ്, തിമാർപൂർ പ്രധാന മാർക്കറ്റ്, പീരാഗർഹി ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പരിസരം, ഗ്രേറ്റർ കൈലാഷ് -2, ഐ.ടി.ഒ, ധൗള കുവ, പാലം, ആസാദ്പൂർ, മിന്റോ റോഡ് എന്നിവിടങ്ങളിലെ അണ്ടർപാസുകൾ,റോഡുകൾ എന്നിവ വെള്ളത്തിനടിയിലായി. തുടർന്ന് ഇന്നലെ രാവിലെ മുതൽ ഗതാഗതം സ്തംഭിച്ചു. അയൽ സംസ്ഥാനമായ ഹരിയാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ജനം മുൻകരുതലെടുക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചു. മഴ മുന്നറിയിപ്പായി കഴിഞ്ഞ ദിവസം ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടിൽ നിൽക്കവെയാണ് ഡൽഹിയിൽ കനത്ത മഴ പെയ്‌തത്. താപനില 25 ഡിഗ്രി സെൽഷ്യസിലേക്ക് താണു. കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയിൽ കനത്ത മഴയാണ്. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലുണ്ടായി.
മേൽക്കൂര തകർന്ന്
എസ്.ഐക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കനത്ത മഴയിലും കാറ്രിലും എ.സി.പി ഓഫീസ് മേൽക്കൂര തകർന്ന് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മുറിയിൽ ഉറങ്ങുകയായിരുന്ന സബ് ഇൻസ്‌പെക്ടർ വീരേന്ദ്ര മിശ്രയാണ് (58) മരിച്ചത്. ഗാസിയാബാദിലെ അങ്കുർ വിഹാറിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
ഇന്നലെ രാവിലെ മറ്റ് ജീവനക്കാർ വന്നപ്പോളാണ് അപകടവിവരം അറിയുന്നത്. അവിശിഷ്‌ടങ്ങൾ മാറ്റി വീരേന്ദ്ര മിശ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡൽഹിയിലാണ് വീരേന്ദ്ര മിശ്രയുടെ കുടുംബം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകി. പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡൽഹി വിമാനത്താവള മേൽക്കൂരയുടെ ഭാഗം തകർന്നു
കനത്ത മഴയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലുള്ള പ്ളാസ്റ്റിക് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. ആളപായമില്ല. വിമാനത്താവളത്തിനുപുറത്ത് വാഹനങ്ങൾ എത്തിച്ചേരുന്ന ഭാഗത്തെ ഓവർഹാങ്ങിന്റെ ഒരു ഭാഗമാണ് വെള്ളം കെട്ടി നിന്ന് പൊട്ടിവീണത്. പാർക്കുചെയ്ത വാഹനങ്ങൾക്ക് മേൽ വെള്ളം പതിച്ചെങ്കിലും നാശനഷ്ടങ്ങളില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴയും ഇടിമിന്നലും കാരണം 17 രാജ്യാന്തര വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങൾ ഡൽഹിയിൽ ഇറക്കാതെ വഴിതിരിച്ചുവിട്ടിരുന്നു.മേയ് 24 ന് രാത്രിയിൽ ഡൽഹിയിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും അനുഭവപ്പെട്ടു. പുലർച്ചെ രണ്ടോടെ 45 മിനിറ്റിനുള്ളിൽ 80 മില്ലിമീറ്ററിലധികം മഴ പെയ്തു. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റും വീശി. പെട്ടെന്നുള്ള മഴയിൽ വിമാനത്താവള പരിസരത്ത് വെള്ളക്കെട്ടിന് ഇടയാക്കി. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചു അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.