ഓപ്പറേഷൻ സിന്ദൂർ മാറുന്ന ഇന്ത്യയുടെ മുഖം : മോദി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക ദൗത്യം മാത്രമല്ലെന്നും രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകം കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത അവസാനിപ്പിക്കണമെന്ന ദൃഢനിശ്ചയം പുലർത്തുന്ന ഇന്ത്യക്കാർക്കിടയിൽ ഓപ്പറേഷൻ സിന്ദൂർ വലിയ സ്വാധീനം ചെലുത്തി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒന്നിച്ചു. ഓപ്പറേഷൻ സിന്ദൂർ മാറുന്ന ഇന്ത്യയുടെ മുഖമാണ്.
അതിർത്തിക്കപ്പുറത്തുള്ള ഭീകരത്താവളങ്ങൾ കൃത്യമായി തകർത്ത സേനാവീര്യം ഇന്ത്യക്കാരെ അഭിമാനഭരിതരാക്കി. ലോകമെമ്പാടും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഓപ്പറേഷൻ സിന്ദൂർ പുതിയ ആത്മവിശ്വാസവും ആവേശവും നൽകി. ദേശസ്‌നേഹം നിറച്ചു. ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും ശക്തി തെളിയിക്കപ്പെട്ടു. 'ആത്മനിർഭർ ഭാരതിന്റെ" ശക്തി ലോകമറിഞ്ഞു. നമ്മുടെ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വിയർപ്പ് ഈ വിജയത്തിലുണ്ട്.
നിരവധി കുടുംബങ്ങൾ ഓപ്പറേഷൻ സിന്ദൂർ ജീവിതത്തിന്റെ ഭാഗമാക്കി.
കുട്ടികൾക്ക്
പേര് 'സിന്ദൂർ"
ബീഹാറിലെ കതിഹാറിലും യു.പിയിലെ കുശിനഗറിലുമടക്കം പലയിട കുട്ടികൾക്ക് 'സിന്ദൂർ' എന്ന് പേരിട്ടു. 'വോക്കൽ ഫോർ ലോക്കൽ" എന്ന വിഷയത്തിൽ രാജ്യമെമ്പാടും ഒരു നവോന്മേഷം ദൃശ്യമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ മാത്രമേ വാങ്ങൂ എന്ന് രക്ഷിതാക്കൾ പറയുന്നു. രാജ്യത്തെ ഏതെങ്കിലും മനോഹരമായ സ്ഥലത്ത് അവധിക്കാലം ചെലവഴിക്കാൻ ആളുകൾ ഇഷ്‌ടപ്പെടുന്നു. നിരവധി യുവാക്കൾ 'ഇന്ത്യയിൽ വിവാഹം കഴിക്കുമെന്ന്' പ്രതിജ്ഞയെടുത്തിട്ടുണ്ട്.