യൂനുസിന് തീവ്രവാദികളുടെ പിന്തുണ ---- ബംഗ്ലാദേശിനെ യു.എസിന് വിൽക്കുന്നു: ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രതിസന്ധി പുകയുന്നതിനിടെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനെതിരെ ഗുരുതര ആരോപണവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അധികാരം നിയമ വിരുദ്ധമായി പിടിച്ചെടുക്കാൻ യൂനുസ് ഭീകര സംഘങ്ങളുമായി സഹകരിച്ചെന്ന് ഇന്ത്യയിൽ കഴിയുന്ന ഹസീന സമൂഹ മാദ്ധ്യമത്തിലൂടെ ആരോപിച്ചു. യു.എസ് പോലുള്ള വിദേശ ശക്തികൾക്ക് വേണ്ടി രാജ്യ താത്പര്യങ്ങളെ യൂനുസ് ത്യജിച്ചെന്നും ഹസീന പറഞ്ഞു.
' ബംഗ്ലാദേശിന്റെ ജനാധിപത്യവും പരമാധികാരവും ഭീഷണിയിലാണ്. തിരഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരത്തിലെത്തിയ യൂനുസ് ഭരണഘടനാ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെയും നിരോധിത തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയുമാണ് സർക്കാരിന്റെ നിയന്ത്രണം പിടിച്ചെടുത്തത് " - ഹസീന പറഞ്ഞു.
തന്റെ അവാമി ലീഗ് പാർട്ടിയെ നിരോധിച്ച സർക്കാർ നടപടിയേയും അവർ വിമർശിച്ചു. അവാമി ലീഗിന്റെ നിരോധനം ഭരണഘടനാ വിരുദ്ധവും അനധികൃതവുമാണ്. പാർലമെന്റില്ലാതെ, വെറും ഇടക്കാല ഭരണകൂടത്തിന് ഇത്തരമൊരു തീരുമാനമെടുക്കാൻ യാതൊരു അധികാരവുമില്ലെന്നും ഹസീന കൂട്ടിച്ചേർത്തു.
# 'യൂനുസ് രാജ്യത്തെ വിൽക്കുന്നു"
തന്റെ കാലത്ത് ഭീകര വിരുദ്ധ ഓപ്പറേഷനുകളിലൂടെ ജയിലിലടച്ച ഡസൻ കണക്കിന് തീവ്രവാദികളെ യൂനുസ് മോചിപ്പിച്ചു
പൗരന്മാരെ അപകടത്തിലാക്കിയവർക്ക് രാജ്യത്ത് സ്വാധീനം. പൊതു സുരക്ഷയ്ക്കും ജനാധിപത്യ തത്വങ്ങൾക്കും ഇത് ഭീഷണി
യൂനുസിന്റെ പ്രവർത്തനം വിദേശ ശക്തികളുടെ, പ്രത്യേകിച്ച് യുഎസിന്റെ സ്വാധീനത്തിൽ
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും തന്റെ പിതാവുമായ മുജീബുർ റഹ്മാൻ സെന്റ് മാർട്ടിൻസ് ദ്വീപ് അമേരിക്കക്കാർക്ക് വിട്ടുകൊടുത്തില്ല. അതിനാൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. രാഷ്ട്രത്തെ വിറ്റ് അധികാരത്തിൽ തുടരാൻ താനും തയ്യാറല്ല. എന്നാൽ യൂനുസ് രാജ്യത്തെ വിൽക്കുന്നു
തന്റെ രാജിക്കും അതിന് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനും പിന്നിൽ യു.എസിന്റെ ഗൂഢാലോചനയാണെന്നും ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻസ് ദ്വീപ് യു.എസിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതാണ് കാരണമെന്നും ഹസീന മുമ്പും ആരോപിച്ചിരുന്നു
# സമ്മർദ്ദം ശക്തം
ഡിസംബറിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി) ആവശ്യപ്പെട്ടതോടെ യൂനുസിന് മേൽ സമ്മർദ്ദം ശക്തം. സൈന്യത്തിന് പിന്നാലെയാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബി.എൻ.പിയും നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് 2026 ജൂണിനകം നടത്താമെന്ന യൂനുസിന്റെ തീരുമാനത്തോട് രാഷ്ട്രീയ പാർട്ടികൾക്കൊന്നും യോജിപ്പില്ല. പ്രതിഷേധവും ശക്തമാണ്. യൂനുസ് രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ ക്യാബിനറ്റ് അംഗങ്ങൾ തള്ളിയിരുന്നു.