തീപിടിത്തം, ജയിൽച്ചാട്ടം... കാരണം അന്നബെല്ലിന്റെ 'തിരോധാനം" !
വാഷിംഗ്ടൺ: ഈമാസം 15ന് യു.എസിലെ ലൂസിയാനയിലെ വൈറ്റ് കാസിൽ പട്ടണത്തിലുള്ള നോട്ടോവേ പ്ലാന്റേഷൻ എന്ന ബംഗ്ലാവിൽ തീപിടിത്തമുണ്ടായി. ആളപായമുണ്ടായില്ലെങ്കിലും കെട്ടിടത്തിന് നാശനഷ്ടമുണ്ടായി. തൊട്ടടുത്ത ദിവസം ലൂസിയാനയിലെ ന്യൂ ഓർലീൻസിൽ 11 തടവുകാർ ജയിൽച്ചാടി. ഈ അനിഷ്ട സംഭവങ്ങൾക്കെല്ലാം കാരണം പ്രേതപ്പാവയായ 'അന്നബെൽ" ആണത്രെ.!സംഭവങ്ങളുണ്ടാകുമ്പോൾ അന്നബെൽ ലൂസിയാനയിലുണ്ടായിരുന്നെന്നാണ് പറയുന്നത്. 'ഡെവിൾസ് ഓൺ ദ റൺ" എന്ന പാരാനോർമൽ പ്രദർശനത്തിന്റെ ഭാഗമായാണ് അന്നബെല്ലിനെ എത്തിച്ചത്. പ്രദർശനത്തിനിടെ അന്നബെല്ലിനെ കാണാതായെന്നും ഇനി അപകട പരമ്പരയുണ്ടാകുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വാർത്ത കാട്ടുതീപോലെ പടർന്നതോടെ പ്രദേശവാസികൾ ഭീതിയിലായി.
' കുഴപ്പക്കാരിയായ" അന്നബെൽ അപകടപ്പെടുത്തുമെന്ന ഭീതിയിലായി നാട്ടുകാർ. എന്നാൽ, ശരിക്കും അന്നബെല്ലിനും ഈ സംഭവങ്ങൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. അന്നബെല്ലിനെ കാണാതായി എന്നത് സോഷ്യൽ മീഡിയയിൽ ആരോ സൃഷ്ടിച്ച വ്യാജ വാർത്തയാണ്.
ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈകിക് റിസേർച്ചിലെ (എൻ.ഇ.എസ്.പി.ആർ) അംഗമായ ഡാൻ റിവേറ കഴിഞ്ഞ ദിവസം അന്നബെല്ലിനെ സൂക്ഷിച്ചിട്ടുള്ള കണറ്റികട്ടിലെ മൺറോയിലുള്ള വാറൻസ് ഒക്കൾട്ട് മ്യൂസിയത്തിലെത്തി പാവ അവിടെ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. അന്നബെല്ലിന്റെ വീഡിയോ തെളിവായി പുറത്തുവിടുകയും ചെയ്തു.
# ഭയപ്പെടുത്തും അന്നബെൽ
കൺജറിംഗ് സിനിമാ പരമ്പരയിലെ പ്രേത പാവയ്ക്ക് പ്രചോദനം
പാരാനോർമൽ അന്വേഷകരായ എഡ് - ലോറൈൻ വാറൻ ദമ്പതികൾ 1970ൽ ലോകത്തിന് പരിചയപ്പെടുത്തി
അന്നബെൽ ഹിഗ്ഗിൻസ് എന്ന പെൺകുട്ടിയുടെ ആത്മാവ് പ്രവേശിച്ച പാവയെന്ന് പ്രചാരണം
ആളുകളെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുമെന്ന് കഥകൾ
വാറൻ ദമ്പതികൾ പാവയെ ഒക്കൾട്ട് മ്യൂസിയത്തിലെ ഗ്ലാസ് പെട്ടിയിൽ പ്രദർശിപ്പിച്ചു. 2019ൽ ലോറൈന്റെ മരണത്തോടെ മ്യൂസിയം അടച്ചു
പാവയുടെ കഥ തട്ടിപ്പാണെന്നും പറയുന്നു