ഗാനമേളയ്ക്ക് കൈയടിച്ച്  ഡാൻസ്  ചെയ്‌ത പെൺകുട്ടികളോട് ഗുണ്ടായിസം; ചുട്ടമറുപടിയുമായി അനുശ്രീ

Monday 26 May 2025 11:05 AM IST

ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവർക്ക് ചുട്ടമറുപടിയുമായി നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെൺകുട്ടികൾ കൈയടിച്ച് ഡാൻസ് ചെയ്യുന്നത് ചോദ്യം ചെയ്യുന്ന ആളുകളുടെ വീഡിയോ ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനാണ് അനുശ്രീ കമന്റ് ചെയ്തത്.

"ഉത്സവം? ഗുണ്ടായിസം? ഇത് എന്റെ നാട്ടിൽ മാർച്ച് നാലിന് നടന്ന സംഭവം ആണ്. മാന്യമായ രീതിയിൽ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും 'വീട്ടിൽ പോയി നിരങ്ങാനും' ആണു പറഞ്ഞത്. സ്‌പോട്ടിൽ തന്നെ പ്രതികരിക്കുകയും, പൊലീസ് ഇടപെട്ടു അവരെ അവിടന്ന് മാറ്റുകയും ചെയ്തു. നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താൽ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും.ഈ വീഡിയോ അന്ന് എനിക്ക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലിൽ ആണ് ഞാൻ അപ്‌ലോഡ് ചെയ്തത്.'- എന്ന അടിക്കുറിപ്പോടെയാണ് പെൺകുട്ടി വീഡിയോ പങ്കുവച്ചത്.

വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ട് കുറച്ചുനാളായെങ്കിലും ഇത് ഇപ്പോഴാണ് അനുശ്രീയുടെ ശ്രദ്ധയിൽപ്പെട്ടത്. 'ഇത്രയും പറഞ്ഞത് പോരായിരുന്നു. അത്രയെങ്കിലും പറഞ്ഞത് എന്തായാലും നന്നായി'- എന്നാണ് അനുശ്രീ കമന്റ് ചെയ്തത്. ഈ കമന്റ് വളരെപ്പെട്ടന്നുതന്നെ വൈറലാകുകയും ചെയ്‌തു. തന്റെ വീടിനടുത്തുള്ള ഉത്സവത്തിൽ സജീവമായി പങ്കെടുക്കുന്നയാളാണ് അനുശ്രീ.