ചാരവൃത്തി: സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, 2023 മുതൽ പാകിസ്ഥാന്റെ ചാരൻ

Monday 26 May 2025 3:40 PM IST

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാ‌ർക്ക് ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്തു . ഭീകരവിരുദ്ധ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. മോത്തി റാം ജാട്ട് എന്നയാളാണ് അറസ്റ്റിലായത്. ഡൽഹിയിൽ പിടിയിലായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ജാട്ട് ചാരവൃത്തിയിൽ സജീവമായിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർക്ക് കൈമാറിയിട്ടുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു. പല മാർഗങ്ങളിലൂടെയും പാകിസ്ഥാൻ ഉദ്യോഗസ്ഥരിൽ നിന്ന് ജാട്ട് പണം സ്വീകരിച്ചു വരികയായിരുന്നുവെന്നും ഏജൻസി വെളിപ്പെടുത്തി.

ഏപ്രിൽ 22ൽ നടന്ന പഹൽഗാം ആക്രമണത്തെത്തുടർന്ന്, സുരക്ഷാ ഏജൻസികൾ ചാരവൃത്തി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 12പേരാണ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഉത്തരേന്ത്യയിലുടനീളം പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ചാരശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.