ഹെയർ ട്രാൻസ്‌പ്ലാന്റിനിടെ മരിച്ചത് രണ്ട് യുവഎൻജീനിയർമാർ, ഒളിവിലായിരുന്ന പ്രതി അനുഷ്ക കീഴടങ്ങി

Monday 26 May 2025 6:57 PM IST

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഹെയർ ട്രാൻസ്‌പ്ലാന്റിനിടെ രണ്ട് യുവ എൻജിനീയർമാർ മരിച്ച സംഭവത്തിലെ പ്രതി ഡോ. അനുഷ്ക തിവാരി കീഴടങ്ങി. കാൺപൂരിൽ എംപയർ ക്ലിനിക്ക് എന്ന സ്ഥാപനം നടത്തുകയാണ് ഡോ. അനുഷ്ക. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങിയ പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വിനീത് കുമാർ ദുബെ ,​ മായങ്ക് ഖട്ടിയാർ എന്നിവരാണ് അനുഷ്കയുടെ ക്സിനിക്കിൽ ഹെയ‍ർ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഇരുവർ‌ക്കും അണുബാധ ഉണ്ടായെന്നും മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 13ന് ഹെയ‍ർ ട്രാൻസ്‌പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു ഭാര്യ ജയ ത്രിപാഠി നൽകിയ പരാതി. മുഖം തടിച്ചുവീർത്തതായും പിറ്റേദിവസം മരണം സംഭവിച്ചെന്നുമെന്നും പരാതിയിൽ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഫരീദാബാദ് സ്വദേശിയായ മായങ്ക് ഖട്ടിയാറിന്റെ മരണത്തിലും പരാതി ഉയർന്നത്. സഹോദരൻ അഖിൽകുമാ‍ർ ആണ് ക്ലിനിക്കിനെതിരെ രംഗത്തെത്തിയത്. ശസ്ത്രക്രിയക്ക് പിന്നാലെ യുവാവിന്റെ മുഖം വീർക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തെന്നും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി. രണ്ട് മരണങ്ങളിലും പൊലീസ് കേസെടുത്തിനെ തുടർന്ന് അനുഷ്ക ഒളിവിൽ പോകുകയായിരുന്നു.