' ഞാനും മലയാളി '
ഐ പി.എസ് പോസ്റ്റിംഗ് കിട്ടി ഞാൻ ആദ്യം കേരളത്തിലെത്തുന്നത് 1986ലാണ്. അന്ന് ഞങ്ങൾ ഉത്തരേന്ത്യക്കാർക്ക് കേരളവും തമിഴ്നാടുമെല്ലാം 'മദ്രാസ് " ആയിരുന്നു . ഐ.പി.എസ് പോസ്റ്റിംഗ് കേരളത്തിലാണെന്നറിഞ്ഞപ്പോൾ ആദ്യം ചെയ്തത് കേരളത്തെപ്പറ്റി കൂടുതൽ മനസിലാക്കുകയായിരുന്നു. അങ്ങനെ കേരളവും അയൽ സംസ്ഥാനമായ തമിഴ്നാടും തമ്മിലുള്ള സാമ്യവും വ്യത്യാസവുമെല്ലാം വിശദമായി മനസിലാക്കിയ ശേഷമാണ് കേരളത്തിലെത്തുന്നത്. പക്ഷേ വായിച്ചപ്പോഴും കേട്ടപ്പോഴുമല്ല, കണ്ടപ്പോഴാണ് കേരളത്തെ കൂടുതലറിഞ്ഞത്
ഇങ്ങോട്ടേക്കുള്ള ആദ്യ യാത്ര ട്രെയിനിലായിരുന്നു. കോയമ്പത്തൂർ കഴിഞ്ഞ് തൃശൂർ എത്തുന്നതു വരെ കേരളത്തിന്റെ ഭൂപ്രകൃതി തമിഴ്നാടിന്റേതു പോലെയാണ് തോന്നിയത്. എന്നാൽ തിരുവനന്തപുരം വരെ എത്തിയപ്പോഴാണ് നിറയെ കായലുകളും കേരവൃക്ഷങ്ങളും നെൽപ്പാടങ്ങളുമെല്ലാം നിറഞ്ഞ പച്ചത്തുരുത്താണ് കേരളമെന്ന് മനസിലായത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്.
ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളിലൂടെ ഞാൻ മലയാളിയായിക്കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം എന്ന് ഇവിടെ എത്തുന്നതിനു മുൻപ് വായിച്ചറിഞ്ഞിരുന്നു. ശ്രാവണ മാസത്തിലെ തെളിഞ്ഞ കാലാവസ്ഥയിൽ പാടങ്ങളിൽ വിളവെടുപ്പ് കഴിഞ്ഞ് നാട് സമ്പൽസമൃദ്ധിയിലാകുന്ന നാളുകൾ. ഐതിഹ്യവും ചരിത്രവും മിത്തുകളും എല്ലാം കൂടിക്കുഴഞ്ഞ ആഘോഷം. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കണ്ടിരുന്ന മഹാബലി ചക്രവർത്തി പാതാളത്തിൽ നിന്ന് പ്രജകളെ കാണാനെത്തുന്ന കഥകളൊക്കെ കൗതുകത്തോടെയാണ് കേട്ടത്.
പൂർവികർ വിരുന്നെത്തുന്നതായുള്ള സങ്കല്പങ്ങളും ആഘോഷവുമൊക്കെ എന്റെ നാടായ ഒഡിഷയിലുമുണ്ട്. ക്ഷേത്രനഗരമായ പുരിയിലാണ് ഞാൻ ജനിച്ചത്. എന്റെ ഓർമകളിൽ പച്ചപിടിച്ചു നിൽക്കുന്നതാണ് അവിടെത്തെ ദീപാവലി ആഘോഷം. രാജ്യത്ത് എല്ലായിടത്തും ദീപാവലിയുണ്ടെങ്കിലും ഒഡിഷയിൽ അതിനു സവിശേഷതകളേറെയാണ്. ദുർഗാപൂജ കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴുള്ള കാളിപൂജയോടു ചേർന്നാണ് അവിടെ ദീപാവലി. ആ ദിവസം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു മുന്നിൽ ജനസമുദ്രം രൂപപ്പെടും. 'ബഡാബഡുവാ ഡാക്ക" എന്ന പൂർവികർക്ക് ആദരമർപ്പിക്കുന്ന ചടങ്ങാണിത്. ചണനാരുകൾ കൊണ്ടുള്ള പന്തം കത്തിച്ച് ആളുകൾ പൂർവികരെ വരവേൽക്കും. 'അല്ലയോ പിതാമഹന്മാരെ, ഇരുട്ടിൽ ഈ നഗരത്തിലെത്തുന്ന നിങ്ങൾ ഞങ്ങൾ പകരുന്ന വെളിച്ചത്തിലൂടെ സ്വർഗത്തിലേക്ക് പോയാലും" എന്നർത്ഥം വരുന്ന മന്ത്രം പൂർവികർക്കായി ചൊല്ലും. തുടർന്ന് പടക്കങ്ങളും മധുരപലഹാരങ്ങളുമായി വലിയ ആഘോഷമാണ്.
ഓണത്തോട് കൂടുതൽ അടുത്തു നിൽക്കുന്ന മറ്റൊരു ഉത്സവവും ഒഡിഷയുടെ പടിഞ്ഞാറൻ ഭാഗമായ സാമ്പൽപുർ മേഖലയിലുണ്ട്. ശ്രാവണ മാസത്തിൽ തന്നെയാണ് ഈ ഉത്സവവും നടക്കുന്നത്. 'നുവാ ഖാന" എന്നാണ് പേര്. നെൽപ്പാടങ്ങൾ കൊയ്ത്തുകഴിഞ്ഞ് പുതുധാന്യം ദേവതകൾക്ക് അർപ്പിക്കുന്ന ചടങ്ങാണ് പ്രധാനം. ഓണാശംസകൾ പോലെ ആയി 'നുവാഖായി ജുഹാർ" എന്ന് ആളുകൾ പരസ്പരം ആശംസിക്കും. സായാഹ്നവേളകളിൽ പാട്ടും നൃത്തവും കലാപരിപാടികളും അരങ്ങേറും. ഈ ഉത്സവങ്ങളൊക്കെ പൊതുവേ ഹിന്ദുക്കളാണ് ആഘോഷിക്കാറുള്ളത്. കേരളത്തിൽ എത്തുന്നതു വരെ ഓണവും ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത ജാതി മത വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഘോഷമാണ് എന്നതാണ്. എന്റെ ആദ്യത്തെ ഓണസദ്യ ഒരു ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു. ഞാൻ എ.എസ്പി ട്രെയിനിയായി കൊച്ചിയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. നാക്കിലയിൽ പത്തുപതിനാറു കറികളും പായസവും പഴവും എല്ലാം ചേർന്ന ഗംഭീര ഓണസദ്യ കഴിഞ്ഞതോടെ കേരളീയ വിഭവങ്ങളുടെ രുചി നാവിലുറച്ചു. പിന്നീട് വിവിധ ജാതി മതസ്ഥരുടെ വീടുകളിലും എല്ലാവരും ചേർന്നുള്ള കൂട്ടായ്മകളിലുമായി എത്രയെത്ര ഓണാഘോഷങ്ങളിൽ പങ്കെടുത്തു. എവിടെയും മനുഷ്യരുടെ ഒരുമയാണ് എന്നെ ഏറ്റവും ആകർഷിച്ചത്.
ഓണം സൗന്ദര്യത്തിന്റെ ആഘോഷമാണ്. പൂക്കളങ്ങൾ, ശുഭ്രവസ്ത്രങ്ങളണിഞ്ഞ് സുന്ദരികളും സുന്ദരന്മാരുമായ ആളുകൾ. സന്തോഷമുള്ള മുഖങ്ങൾ. വലിയ ഓണാഘോഷങ്ങൾ, മേളകൾ. എല്ലായിടത്തും ആഹ്ളാദവും കൂട്ടായ്മയും നിറഞ്ഞുനിന്നു. എന്നാൽ ഓരോയിടത്തും ആഘോഷങ്ങളിൽ പ്രാദേശിക തനിമകളുണ്ടായിരുന്നു.
ഇന്ന് എനിക്കൊരു സംശയമുണ്ട്. ഓണത്തിന്റെ സാംസ്കാരിക സവിശേഷതകളും പ്രാദേശിക വൈവിദ്ധ്യങ്ങളും എത്രത്തോളം നിലനിറുത്തപ്പെടുന്നു? ഓണം ഒരു വലിയ വ്യാപാരമേളയായിപ്പോയില്ലേ? അതിൽ തെറ്റില്ല. പക്ഷേ കളികളും പാട്ടും ആഘോഷവും സൽപ്രവൃത്തികളും എല്ലാമാകണം പ്രധാനം.
ഏതുകാലത്തും കേരളീയരുടെ ഐക്യം ഏറെ മാതൃകാപരമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി മുപ്പതുവർഷം മുമ്പ് ആലപ്പുഴജില്ലയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്.ഐയായി ഞാൻ കുറെക്കാലം പ്രവർത്തിച്ചിരുന്നു. അന്നവിടെ ഒരു ബോട്ടപകടം ഉണ്ടായി. നാട്ടുകാരുടെ ഒരുമയും സേവന തത്പരതയും അന്നാണ് ആദ്യം തിരിച്ചറിഞ്ഞത്. എന്നാൽ ഇടക്കാലത്ത് ഈ മനോഭാവം നഷ്ടപ്പെടുന്നുവോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ഒന്നും പോയിട്ടില്ലെന്ന് അടുത്ത കാലത്തെ രണ്ട് പ്രളയങ്ങൾ തെളിയിച്ചു. നാം ഒറ്റക്കെട്ടായി അത് നേരിട്ടു. എല്ലാ ഘട്ടത്തിലും ഈ ഒരുമ കേരളീയർക്ക് കൂട്ടാകേണ്ടതുണ്ട്.
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, എല്ലാവരും ഓണമാഘോഷിക്കുമ്പോൾ ഞങ്ങൾ പൊലീസുകാർ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം കിട്ടാത്തവരാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനോ കുട്ടികളെക്കൂട്ടി യാത്ര പോകാനോ കഴിയാത്തവർ. അവരെല്ലാം ഡ്യൂട്ടിയിലായിരിക്കും. ആഘോഷങ്ങൾക്ക് താങ്ങും തണലുമായി തെരുവിൽ ഞങ്ങളുണ്ടാവും . കേരള പൊലീസ്. ഈ ത്യാഗം ആരും കാണാതെ പോകരുതെന്ന് ഒരഭ്യർത്ഥന മാത്രം.
ഓണത്തെപ്പറ്റി പറയുമ്പോൾ ഒരു കാര്യം കൂടി. ഇവിടുത്തെ സവിശേഷമായ കാലാവസ്ഥയും പ്രകൃതിഭംഗിയും ഒന്നുമില്ലെങ്കിൽ ഓണമില്ല. ഇതെല്ലാം പ്രകൃതി കനിഞ്ഞരുളിയ സൗഭാഗ്യങ്ങളാണെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കാൻ നാം കൂടുതൽ ജാഗ്രത കാണേണ്ടിയിരിക്കുന്നു. രണ്ടു പ്രളയങ്ങൾ നമ്മെ പഠിപ്പിക്കുന്നത് അതാണ്.
പ്രളയകാലത്ത് ഏറ്റവും വേദനിപ്പിച്ച കാഴ്ചകളിൽ ഒന്ന് മലയാറ്റൂർ പാലത്തിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് പ്ലാസ്റ്റിക്കും മാലിന്യങ്ങളും ജെസിബി ഉപയോഗിച്ച് വീണ്ടും പുഴയിലേക്ക് തന്നെ തിരികെയിട്ട കാഴ്ചയാണ്. ജലാശയങ്ങൾ മലിനമാക്കരുത്. നിയമപരമായി വലിയ തെറ്റാണത്. പക്ഷേ ഇതൊന്നും നിയമം വഴി മാത്രം നടപ്പിലാക്കേണ്ട കാര്യങ്ങളല്ല. ജനകീയ നിശ്ചയദാർഢ്യം വഴിയാവണം ഇത് നടപ്പാക്കേണ്ടത്. പ്രകൃതിസൗഹൃദപരമായ കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടിയാണ് ഓണം പങ്കു വയ്ക്കുന്നത്. അതു നിലനിറുത്താൻ നമുക്കാകട്ടെ. എല്ലാവർക്കും ഓണാശംസകൾ.