വളർത്താം, തെരുവുനായ് വില്ലനാവില്ല
എല്ലാം വിദേശി ആയാലേ നമുക്ക് തൃപ്തിയുള്ളൂവെന്നുണ്ടോ? വളർത്തുമൃഗമായാലും വിദേശി വേണോ? എന്നാൽ നാടൻ പശുവിന്റെ പാലിനും നാടൻ പച്ചക്കറിക്കുമെല്ലാം വലിയ വില കൊടുക്കുന്നുമുണ്ട്. ഇനി ഓമനമൃഗങ്ങളുടെ കാര്യത്തിലും ഒന്നും മാറിച്ചിന്തിക്കാം.
വീട്ടുടമയ്ക്കായി ജീവൻ വരെ ബലി കൊടുക്കാനും, വേണ്ടി വന്നാൽ വേട്ടക്കാരനാകാനും തെരുവുനായ്ക്കൾ എന്നറിയപ്പെടുന്ന നാടൻ ഇനങ്ങൾ മിടുക്കരാണ്. അതു തിരിച്ചറിയാൻ തൃശൂരിലെ ഒരു വെറ്ററിനറി വിദഗ്ധന്റെ വീട്ടിലെത്തിയാൽ കണ്ടറിയാം. ആറാഴ്ച പ്രായമായ കുഞ്ഞുങ്ങളെ എടുത്ത് വാക്സിനേഷൻ നടത്തി ആറ് മാസം കഴിഞ്ഞ് വന്ധ്യംകരണം ചെയ്താൽ പത്തു വർഷത്തോളം അവ വിശ്വസ്തരായ കാവൽക്കാരാകുമെന്നും അതോടെ തെരുവുനായ്ക്കൾ ഒരു ശല്യമാകില്ലെന്നുമാണ് ഡോ.പി.ബി. ഗിരിദാസിന്റെ ഗ്യാരന്റി. അന്ധർക്ക് വഴികാട്ടുന്നതിനും വേട്ടയാടാനും കഴിയുന്ന തമിഴ്നാടൻ ഇനമായ പന്ത്രണ്ടോളം ചിപ്പിപ്പാറ നായ്ക്കളും നിരവധി തെരുവുനായ്ക്കളും പ്രശസ്ത ആനചികിത്സാ വിദഗ്ധൻ കൂടിയായ ഡോ.ഗിരിദാസിന്റെ കാര്യാട്ടുകരയിലുളള പാണ്ടാരിക്കൽ വീട്ടിലുണ്ടായിരുന്നു. ആവശ്യക്കാർക്കെല്ലാം അവയെ പരിശീലിപ്പിച്ച് നൽകി. ഇപ്പോൾ ഒരു ചിപ്പിപ്പാറയും ഒരു നാടനുമുണ്ട്. കാവലിനും വേട്ടയാടാനുമെല്ലാം ഇരുവരും മിടുക്കർ. സ്വാഭാവികമായുളള ഒരു ടെറിട്ടറി സൃഷ്ടിച്ച് ഉടമസ്ഥനെ കാക്കുന്നവയാണ് നാടൻ ഇനങ്ങൾ. അതുകൊണ്ടു തന്നെ എന്നും വിശ്വസ്തനായ കുടുംബാംഗമായി അവനെ കൂടെക്കൂട്ടാം.
പരിപാലിക്കാൻ ചെലവ് കുറവ്
നാടൻ ഇനങ്ങൾ കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് ഇണങ്ങിയവയാണ്. കൃത്യസമയത്ത് ഭക്ഷണം മാത്രം മതി. രോഗങ്ങൾ കുറവായതിനാൽ ചികിത്സ പോലും വേണ്ടി വരില്ല. അതുകൊണ്ടു തന്നെ പരിപാലനചെലവ് നന്നേ കുറയും. പശുക്കളിലും മറ്റും നാടൻ ഇനങ്ങൾക്കുളള ഗുണങ്ങൾ നായ്ക്കളിലുമുണ്ട്. നാടൻ ഇനങ്ങളെല്ലാം പെട്ടെന്ന് ഇണങ്ങും. ഉടമകളുടെ സന്തത സഹചാരിയാകും. മറ്റുളളവയെ പോലെ മനസുമാറാതെ ഉടമസ്ഥനൊപ്പമുണ്ടാകും. കുട്ടികളോടു പോലും ഇണങ്ങും. പെട്ടെന്ന് പരിശീലിപ്പിക്കാം. സാധാരണ ഭക്ഷണം കൊണ്ടു തന്നെ അതിവേഗം വളരുമെന്നതാണ് മറ്റൊരു സവിശേഷത.
ഇന്ത്യൻ നായ ഇനങ്ങളായ ചിപ്പിപ്പാറ, രാജപാളയം തുടങ്ങിയവക്കെല്ലാം സ്വീകാര്യത കൂടിയിട്ടുണ്ട്. മുൻപ് മൻ കി ബാത്ത് പരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീർത്തിച്ചിരുന്നു. ചില ഇനങ്ങൾ ഇന്ത്യൻ സൈന്യത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ രാജാക്കന്മാരുടെ പ്രൗഢിക്കും പ്രതാപത്തിനും കരുത്തായവയായിരുന്നു ചിപ്പിപ്പാറ ഇനം നായ്ക്കൾ. കൂർത്ത മുഖം, നീളമേറിയ പിൻകാലുകൾ, ചെറിയ വാൽ, മെലിഞ്ഞ ശരീരം എന്നിവയുളള ചിപ്പിപ്പാറ ഇരയെ പിന്തുടർന്നു പിടിക്കുന്ന വേട്ടക്കാരാണ്.
നാടൻ ഇനങ്ങളെ വന്ധ്യംകരണം നടത്തി വളർത്താൻ വ്യക്തികളും സന്നദ്ധ സംഘടനകളുമെല്ലാം ശ്രമിച്ചാൽ തെരുവുനായ് ആക്രമണങ്ങൾ ഫലപ്രദമായി ചെറുക്കാമെന്നാണ്
ഡോ.പി.ബി.ഗിരിദാസ് നൽകുന്ന ഉറപ്പ്.
വന്ധ്യംകരണ കേന്ദ്രങ്ങളില്ല
വന്ധ്യംകരണം നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിലെ തെരുവുകളിൽ നായ്ക്കൾ ഏറെയുണ്ട്. വന്ധ്യംകരണ കേന്ദ്രങ്ങൾ ഇപ്പോഴും വളരെ കുറവ്. നായ്ക്കളുടെ കടിയേൽക്കുന്നത് വാർത്തയും പ്രതിഷേധവുമാകുമ്പോഴാണ് പല തദ്ദേശസ്ഥാപനങ്ങളും കേന്ദ്രങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. ഇനി കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചാൽ സ്ഥലം കിട്ടില്ല. സ്ഥലം കിട്ടിയാൽ തന്നെ പ്രാദേശികമായ എതിർപ്പുകളും ശക്തമാകും. എതിർപ്പുകളുണ്ടായാലും വന്ധ്യംകരണ കേന്ദ്രങ്ങൾ ഏറെ അനിവാര്യമാകുന്ന സമയമാണിത്. പല സ്ഥലങ്ങളിലും പ്രാദേശിക എതിർപ്പുകൾ മൂലം സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് എ.ബി.സി. കേന്ദ്രങ്ങൾ തുടങ്ങുന്നത്.
നായകളെ പാർപ്പിക്കാനുളള കൂടുകൾ അമ്പതെണ്ണമെങ്കിലും ഒരു കേന്ദ്രത്തിൽ വേണം. ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കിച്ചൻ, വാഷ് റൂം, നായകളെ കൊണ്ടുവിടാൻ വാഹനം, ഡോക്ടറും നഴ്‌സും അറ്റൻഡറും അടക്കം അഞ്ച് ജീവനക്കാർ എന്നിവയും ഉണ്ടാകണം. ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ ചെലവ് 2100 രൂപയിലേറെ വരും. തെരുവുനായകളുടെ നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതാണെങ്കിലും അതിനുളള സഹായം നൽകാൻ തൃശൂർ ജില്ലാ പഞ്ചായത്തുകൾ സന്നദ്ധമാണ്. അമ്പത് സെന്റെങ്കിലും സ്ഥലമുണ്ടെങ്കിൽ കേന്ദ്രം തുടങ്ങാനാവും
മാലിന്യം കുറഞ്ഞാലും കൂടിയാലും പ്രശ്നം
മാലിന്യങ്ങൾ നഗരകേന്ദ്രങ്ങളിൽ കുന്നുകൂടുമ്പോൾ ഇവ ഭക്ഷിക്കുന്നതിനായ് തെരുവുനായകൾ തമ്പടിക്കും. അതേ സ്ഥലത്തെ മാലിന്യം നീക്കിയാൽ അവിടെ നിന്ന് നായ്ക്കൾ വീടുകളിലെത്തും. ഭക്ഷണമാണ് നായ്ക്കളുടെ പ്രശ്നം. അത് കിട്ടിയില്ലെങ്കിൽ അവ അക്രമാസക്തരാകുകയും ചെയ്യും.
രാത്രി കാലങ്ങളിലാണ് നായ് ശല്യം രൂക്ഷമാകുക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാർക്കറ്റുകളിലും നായകളുടെ എണ്ണം വർദ്ധിച്ചു. എന്തായാലും ആക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം കൂടുന്നത് വന്ധ്യംകരണത്തിലെ പരാജയമാണെന്ന ആക്ഷേപത്തിനും ശക്തി കൂട്ടുന്നുണ്ട്. പകൽസമയത്ത് അലഞ്ഞുതിരിയുന്ന നായ്ക്കൾ അക്രമകാരികളല്ല. വന്ധ്യംകരിച്ചു കഴിഞ്ഞാൽ നായ്ക്കളുടെ അക്രമാസക്തി പൊതുവേ കുറയുമെന്നായിരുന്നു നിഗമനങ്ങളിലൊന്ന്. പക്ഷേ, ആ കണക്കുകൂട്ടലും നഷ്ടപ്പെട്ട നിലയിലാണെന്ന് ജനങ്ങൾ പറയുന്നു.
വലിച്ചെറിയുന്ന
ഭക്ഷണം അപകടം
ഭക്ഷണം കിട്ടാത്ത സ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കൾ മാലിന്യമുള്ള സ്ഥലങ്ങളിലേക്ക് വന്നുചേരും. ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ കുമിയുന്തോറും നായ്ക്കളുടെ എണ്ണവും കൂടും. പ്രകോപനം ഉണ്ടാക്കുമ്പോഴാണ് തെരുവുനായ്ക്കൾ അക്രമിക്കുന്നതെന്നും പേ പിടിച്ച നായ്ക്കൾ കണ്ടവരെയെല്ലാം കടിക്കുമെന്നും മൃഗസംരക്ഷണ വിദഗ്ദ്ധർ പറയുന്നു.
തെരുവ് നായ്ക്കുട്ടികളിലെ ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്‌സ് (എൻഡ്) ഒരു പതിറ്റാണ്ട് മുൻപ് ഫലം കണ്ട പദ്ധതിയായിരുന്നു. പെൺനായ്ക്കളിൽ അണ്ഡാശയം നിലനിറുത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായ്ക്കളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയും ചെയ്യുന്ന പദ്ധതിയാണിത്. തെരുവുനായ്ക്കുട്ടികളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് കൊടുത്ത് വീട്ടിൽ വളർത്താൻ നൽകി തെരുവുനായ് നിയന്ത്രണം ഫലപ്രദമാക്കാനാകും. പക്ഷേ, പല കാരണങ്ങളാൽ ഇത് തുടക്കത്തിലേ നിറുത്തി.
ഈ പദ്ധതി നടപ്പാക്കാനുള്ള പ്രായം എട്ട് മുതൽ 12 ആഴ്ച വരെയാണ്. പൂർണ്ണമായും ഫലപ്രദമാകാൻ അഞ്ച് വർഷം മതി. പദ്ധതി 2010ൽ തുടങ്ങി 2012ൽ 50 നായ്ക്കളിൽ നടപ്പാക്കിയെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. 1994 മുതൽ നടപ്പാക്കിയ എ.ബി.സി ഫലം കാണാതെ വന്നപ്പോഴാണ് എൻഡ് പരീക്ഷിക്കാൻ തീരുമാനിച്ചത്. പക്ഷേ, പരീക്ഷണങ്ങളെല്ലാം വെറുതെയാകുന്ന കാഴ്ചകളാണ് പിന്നീട് കാണാനായത്.