വളർത്തുനായയെ വിട്ട് കടിപ്പിച്ച കേസിൽ അറസ്റ്റിൽ

Tuesday 27 May 2025 1:48 AM IST

വർക്കല: ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും ആക്രമണകാരിയായ വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തോണിപ്പാറ സനൽ ഭവനിൽ സനൽ(36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് 4ന് വൈകിട്ട് സമീപവാസിയായ രഞ്ജിത്തിനെ മുൻവൈരാഗ്യമുള്ള സനൽ ആക്രമിക്കുകയായിരുന്നു. റോഡിലെ കല്ലിൽ തട്ടിവീണ രഞ്ജിത്തിനെ സനൽ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തുവീണപ്പോൾ അടിവയറ്റിൽ ചവിട്ടിയതായും വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്നുമാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ച തന്നെ സനൽ വാളുപയോഗിച്ച് വെട്ടുകയും പ്രതിരോധിച്ചപ്പോൾ വലത് കൈപ്പത്തിക്ക് പരിക്കേൽക്കുകയും ചെയ്‍തതായും രഞ്ജിത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സനൽ പ്രതിയാണ്. സംഭവദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂർ പൊലീസ് സ്റ്റേഷനിലെത്തിയ സനൽ രഞ്ജിത്ത് മർദ്ദിച്ചതായി പരാതി നൽകി മടങ്ങി. ശേഷം ഒളിവിൽ പോവുകയായിരുന്നു.