പെട്രോൾ പമ്പിലെ മോഷണം: മൂന്നാമനും പിടിയിൽ

Tuesday 27 May 2025 12:10 AM IST

വിഴിഞ്ഞം: പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പണം തട്ടിയ കേസിൽ മൂന്നാമൻ വിഴിഞ്ഞത്ത് പിടിയിലായി. രണ്ടുപേരെ കഴിഞ്ഞ ദിവസം പൊഴിയൂർ പൊലീസ് പിടികൂടിയിരുന്നു. കരിക്കകം ടർഫിന് സമീപം ടി.സി.79/149ൽ ആദിത്യൻ(19)ആണ് അറസ്റ്റിലായത്. ചെങ്കൽ മര്യാപുരം പുളിയറ വീട്ടിൽ ബിബിജിത്ത് (23,ബിച്ചു),കടകംപള്ളി കരിക്കകത്ത് അനന്ദൻ(18)എന്നിവരെ കഴിഞ്ഞ ദിവസം പൊഴിയൂർ പൊലീസ് പിടികൂടിയിരുന്നു. 24ന് പുലർച്ചെ 1ന് നെയ്യാറ്റിൻകര കൃഷ്ണപുരത്തെ പെട്രോൾപമ്പിലെത്തിയ പ്രതികൾ ജീവനക്കാരനെ ആക്രമിച്ചശേഷം 21,000 രൂപ അടങ്ങുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം മുക്കോലയിലെ ഐ.ഒ.സി യുടെ പെട്രോൾ പമ്പിലെത്തി ജീവനക്കാരനിൽനിന്ന്7,576 രൂപ അടങ്ങുന്ന ബാഗും പ്രതികൾ തട്ടിയെടുത്തു. ഈ സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്നത് ആദിത്യനായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ.പ്രശാന്ത്, സി.പി.ഒ മാരായ വിനയൻ,റജിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.