വനിതാകമ്മിഷൻ അദാലത്തിൽ 20 പരാതികൾ തീർപ്പാക്കി
കണ്ണൂർ: വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന അദാലത്തിൽ 20 പരാതികൾ തീർപ്പാക്കി. പരിഗണിച്ച 91 പരാതികളിൽ ഒരെണ്ണം ജാഗ്രതാസമിതിയുടെ റിപ്പോർട്ടിംഗിന് അയച്ചു. രണ്ടെണ്ണത്തിൽ പോലീസിൽ നിന്നും റിപ്പോർട്ട് തേടി. ബാക്കിയുള്ളവ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. വീടിനകത്ത് മാത്രം ഒതുങ്ങിപ്പോകുന്ന സ്ത്രീകൾക്ക് ആവശ്യമായ വിശ്രമവും വിനോദവും ലഭിക്കുന്നതിനുള്ള കർമ്മപദ്ധതികൾ സമൂഹത്തിൽ നടപ്പിലാക്കണമെന്ന് അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു.കുടുംബജീവിതത്തിൽ പുരുഷനും സ്ത്രീക്കും തുല്യത ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.അഭിഭാഷകരായ കെ.പി.ഷിമ്മി, പത്മജ പത്മനാഭൻ, കൗൺസലർ അശ്വതി രമേശൻ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എ. എസ്.ഐ കെ.എം.ജയദേവൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ നിഷ മുഹമ്മദ്, കെ.മിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സതീഷ്, ഓഫീസ് അറ്റന്റന്റ് സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.