കപ്പണത്തട്ടിൽ മണ്ണിടിച്ചൽ നിയന്ത്രണ നടപടി തുടങ്ങി ; ഗതാഗതം പുനസ്ഥാപിക്കൽ വൈകും
തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചൽ തടയാനുള്ള നടപടികൾ തുടങ്ങി.ഉറപ്പ് കുറഞ്ഞ ഭാഗം തട്ടുകളായി തിരച്ച് മുകളിൽ ടാർപോളിൽ ഷീറ്റുകൾ വിരിച്ചും ഉറപ്പുള്ള ഭാഗങ്ങളിലെ ചിലയിടങ്ങളിലുള്ള വിള്ളലുകളിൽ കരിങ്കൽ ചീളുകൾ നിറച്ച് ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്.
എ.ബി.സി ഗോഡൗണിന്റെ മുൻവശത്തായുള്ള ഭാഗത്ത് മണ്ണും പാറയും ചേരുന്ന ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു . ഈ ഭാഗം കരിങ്കൽ ചീളുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ട് മണ്ണിടിഞ്ഞ സ്ഥലത്തെ മണ്ണും ചളിയും. മാറ്റിക്കഴിഞ്ഞു.
ശനിയാഴ്ച്ച രാത്രി ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്നാണ് ഇതുവഴി ഗതാഗതം നിർത്തിവച്ചത്. മണ്ണിടിച്ചൽ പൂർണ്ണമായി ഇല്ലാതാക്കാനുള്ള പ്രവൃത്തി പൂർത്തിയായതിനു ശേഷം മാത്രമേ ഇനി ഇതുവഴി വാഹന ഗതാഗതം പുനരാരംഭിക്കുകയുള്ളു.നിലവിൽ ആംബുലൻസുകൾ മാത്രമാണ് കടത്തി വിടുന്നത്. ബലപ്പെടുത്തൽ തീരുന്ന മുറയ്ക്ക് ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. പൂർണ്ണമായി സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ കുപ്പം ചുടല ദേശീയപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിരിക്കുന്നത്.