എടത്വാ,തലവടി പഞ്ചായത്തുകളിൽ മരംവീണ് നിരവധി വീടുകൾ തകർന്നു

Tuesday 27 May 2025 1:22 AM IST

കുട്ടനാട്: കാലവർഷം ശക്തിപ്രാപിച്ചതോടെ ശക്തമായ മഴയിലും കാറ്റിലും എടത്വാ, തലവടി പഞ്ചായത്തുകളിൽ വ്യാപകനാശം. മരം കടപുഴകി വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. എടത്വായിൽ വൃദ്ധദമ്പതികളും കൊച്ചുമക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

എടത്വാ പഞ്ചായത്ത് 13ാം വാർഡിൽ ചെങ്കരത്തറ കുമാരന്റെ ഷീറ്റിൽ നിർമ്മിച്ച വീടിന്റെ മേൽക്കൂരയാണ് പുർണ്ണമായി തകർന്നത്. ഷീറ്റ് പൊട്ടിവീണ് കുമാരന്റെ തലയ്ക്ക് നേരിയ പരുക്കേറ്റു. കാറ്റിൽ വീട് തകരുമ്പോൾ വൃദ്ധരായ കുമാരനും ഭാര്യ പങ്കജാക്ഷിയും മകന്റെ ഭാര്യയും എൽ.പി സ്ക്കൂൾ വിദ്യാർത്ഥികളായ കൊച്ചുമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇലക്ട്രിക് - ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും നശിച്ചു. വീടിന് സമീപത്തെ 100 വർഷം പഴക്കമുള്ള പുളിമരം കടപുഴകി വീടിനോട് ചേർന്ന് നിലംപതിക്കുകയായിരുന്നു.

തലവടിയിൽ പഞ്ചായത്തംഗം എൻ.പി രാജൻ നമ്പലശ്ശേരിയുടെ വീടിന്റെ ഷീറ്റ് കാറ്റിൽ പറന്നുപോയി. കൂടാതെ പത്താം വാർഡിൽ മാവ് കടപുഴകി വീണതിനെതുടർന്ന് പനച്ചിക്കളത്തിൽ രാജേഷിന്റെ വീടും ഭാഗികമായി തകർന്നു.